ഇടുക്കി: മരംമുറി വിവാദം മറയാക്കി കർഷകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്ന വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി.
ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്തുള്ള കർഷകരാണ് റവന്യൂ – വനം വകുപ്പ് മന്ത്രിമാർക്കും ദേവികുളം സബ്കളക്ടർക്കും പരാതി നൽകിയത്.
അര നൂറ്റാണ്ടിലധികമായി കൈവശംവെച്ച കൃഷിചെയ്ത് താമസിച്ചുവരുന്ന കൃഷിഭൂമിയിൽ പ്രവേശിച്ച് വേലിയും കൃഷിയും നശിപ്പിക്കുന്ന റവന്യൂ- ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. വനം ഉദ്യോഗസ്ഥർ ഈ പ്രദേശത്തെ മൺ റോഡുകൾ യന്ത്രസഹായത്തോടെ കിടങ്ങുകൾ കുഴിച്ച് നശിപ്പിച്ചതും പരാതിയായി. വൻകിട റിസോർട്ട് ഉടമകൾ ഉന്നതരുടെ ഒത്താശയോടെ മുമ്പ് നടത്തിയ കയ്യേറ്റ കേസുകളിലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏറ്റെടുക്കുന്ന ഭൂമി നിയമപ്രകാരം റവന്യൂ ലാൻഡ് ബാങ്കിൽ നിക്ഷിപ്തമാകുന്നതിനു പകരം വനം വകുപ്പിനെ ഏൽപ്പിച്ചു കൊടുക്കുകയും വനഭൂമിയെന്ന നിലയിൽ ബോർഡുകൾ അവിടെ സ്ഥാപിച്ചശേഷം പരിസരത്തുള്ള കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ വനംവകുപ്പ് ശ്രമിക്കുകയുമാണ് എന്ന് കർഷകർ പരാതിപ്പെടുന്നു.

റവന്യൂ രേഖകൾ പ്രകാരം 25 ഹെക്ടർ വനഭൂമി മാത്രമാണ് ഉള്ളത്. എന്നാൽ രണ്ട് പഞ്ചായത്ത് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന സിംഗുകണ്ടം, തിടീർ , ബി എൽ റാവ്, ഷൺമുഖ വിലാസം തുടങ്ങിയ മുഴുവൻ പ്രദേശങ്ങളും വനഭൂമിയാണ് എന്ന അവകാശവാദവുമായി ആണ് വനംവകുപ്പ് നിൽക്കുന്നത്. റവന്യൂ വകുപ്പ് ഔദ്യോഗികമായി വിട്ടു നൽകിയിരുന്നില്ലെങ്കിലും വനം വകുപ്പ് നടത്തിയ കയ്യേറ്റത്തിലൂടെ റവന്യൂ ഭൂമിയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് യൂക്കാലി വളർത്തിയിരുന്നു. അതിനായി അന്ന് നിരവധി കർഷകരെ വനംവകുപ്പ് ഉപദ്രവിച്ചിരുന്നു. കേസുകളും തുടരുന്നുണ്ട്.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് പ്ലാൻറ് ഇല്ലാതായി. ഈ റവന്യൂ ഭൂമിയും വനമാക്കി പ്രഖ്യാപിക്കാൻ ശ്രമിക്കുകയാണ് വനം വകുപ്പ് . ആനപ്പാർക്കായി ഈ പ്രദേശം പ്രഖ്യാപിച്ച് വന്യ ജീവി കേന്ദ്രം ആക്കുകയും അതിലൂടെ പരിസരത്തെ കൃഷിഭൂമി റിസർവ് വനമാക്കി മാറ്റുകയും ആണ് പദ്ധതി. ഇത് തിരിച്ചറിഞ്ഞതോടെ കർഷകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയാണ് ഇപ്പോൾ.

