മലപ്പുറം: കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ മലപ്പുറം ജില്ലയെ പ്രധാന കേന്ദ്രമാക്കി മാറ്റും

മലപ്പുറം: ജില്ലയിലെ ടൂറിസം മേഖലയിലെ എല്ലാ സാധ്യതകളും ചരിത്ര സാംസ്‌കാരിക പ്രത്യേകതകളും ഉപയോഗപ്പെടുത്തി സംസ്ഥാന ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മലപ്പുറം ജില്ലയെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ ജനപ്രതിനിധികള്‍, ജില്ലാകലക്ടര്‍ എന്നിവരോടൊപ്പം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കും സമീപത്തെ വിള്ളലുകള്‍ ബാധിച്ച സ്ഥലങ്ങളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉജ്ജ്വല പോരാട്ടത്തെ വര്‍ഗീയ കലാപമാക്കി മാറ്റിത്തീര്‍ക്കാനുള്ള ശ്രമം തെറ്റാണന്ന് പറഞ്ഞ സംസ്ഥാനമാണ് കേരളം. പോരാട്ടത്തില്‍ പങ്കെടുത്തവര്‍ സ്വാതന്ത്ര്യ സമര പോരാളികളായി പരിഗണിച്ച്  പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഉജ്ജ്വലമായ ഓര്‍മകളുള്ള വര്‍ത്തമാനകാലഘട്ടത്തില്‍ നമുക്ക് പോരാടാനുള്ള ഊര്‍ജ്ജം നല്‍കുന്ന മണ്ണാണ് കോട്ടക്കുന്നിലേത്. ബ്രിട്ടീഷുകാര്‍ വെടിവയ്ക്കാനൊരുങ്ങുമ്പോള്‍ പിറകില്‍ നിന്ന് വെടിവയ്ക്കണ്ട, മുന്നില്‍ നിന്ന് വെടിവച്ചോളു എന്ന് ധീരമായി പറഞ്ഞ കണ്ണുകെട്ടാന്‍ തയ്യാറാകാതെ വെടിയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ പോരാട്ട ഭൂമിയാണിത്. ജില്ലയില്‍ ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള പ്രധാന ടൂറിസം കേന്ദ്രവുമാണ് കോട്ടക്കുന്ന്. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയുന്ന ഘട്ടത്തില്‍ കോട്ടക്കുന്നിലെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ടൂറിസം മേഖലയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കുന്നിലെ വിള്ളലുമായി ബന്ധപ്പെട്ട് ഇതിനകം വന്ന രണ്ട് പഠന റിപ്പോര്‍ട്ടുകള്‍  പരിശോധിച്ച് സാധ്യമായ ഇടപെടലുകള്‍ നടത്തും. ജില്ലയിലെ ടൂറിസ വികസനത്തിനായി ഉന്നത തല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

കോട്ടക്കുന്ന് കൂടാതെ പൂക്കോട്ടൂര്‍, തിരൂര്‍ തുടങ്ങിയ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലയില്‍ ടൂറിസം മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ടിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണെന്ന കാര്യവും മന്ത്രി ഓര്‍മപ്പെടുത്തി. മലപ്പുറത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് പി. ഉബൈദുള്ള എം.എല്‍.എ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സന്ദര്‍ശനമെന്നും മന്ത്രി വ്യക്തമാക്കി.

പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം വി.പി. അനില്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം