തിരുവനന്തപുരം: ഫിഷറീസ് കോൾ സെന്ററും മാസ്റ്റർകൺട്രോൾ റൂമും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്ത മത്‌സ്യം വിൽക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് വരുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്‌സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും പരിഹാര നിർദേശങ്ങളും നൽകുന്നതിനായി തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച ഫിഷറീസ് കോൾ സെന്റർ, മാസ്റ്റർ കൺട്രോൾ റൂം, ഫിഷറീസ് കൺട്രോൾ റൂം വെഹിക്കിൾ ഫ്‌ളാഗ് ഓഫ് എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സഹായത്തോടെ രാസപദാർത്ഥം ചേർത്ത മത്‌സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കും. സംശയം തോന്നിയാൽ പോലും പരിശോധിക്കാനുള്ള സംവിധാനത്തിലേക്ക് മാറുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ പ്രവർത്തനം മത്സ്യതൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ന്യൂനമർദ്ദ സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കാറ്റിന്റെ വേഗത തുടങ്ങിയ അറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് കൈമാറാൻ കൺട്രോൾ റൂമിന് സാധിക്കും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും യാനങ്ങൾ നിരീക്ഷിക്കാനും കൺട്രോൾ റൂമുകൾക്ക് കഴിയും. സമയത്ത് അറിഞ്ഞാൽ പല അപകടങ്ങളും ഒഴിവാക്കാൻ കഴിയും. കോൾ സെന്ററിൽ വരുന്ന പരാതികൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ മന്ത്രിയുടെ ഓഫീസ് നമ്പറിൽ ബന്ധപ്പെടാമെന്നും പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് ഡയറക്ടർ സി.എ. ലത, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീലു എൻ.എസ്, ഡെപ്യൂട്ടി ഡയറക്ടർ മറൈൻ  താജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. കോൾ സെന്ററിലെ ഫോൺ നമ്പർ: 04712525200, ടോൾ ഫ്രീ നമ്പർ: 18004253183 ഫിഷറീസ് മന്ത്രിയുടെ ഓഫിസ് നമ്പർ: 04712327796, മാസ്റ്റർ കൺട്രോൾ റൂം നമ്പർ: 8547155621 (മേഖല കൺട്രോൾ റൂം നമ്പർ: വിഴിഞ്ഞം : 04712480335, വൈപ്പിൻ 9496007048, 04842502768, ബേപ്പൂർ : 04952414074).

Share
അഭിപ്രായം എഴുതാം