വ്യാജ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും 10,000 രൂപ പിഴ

ന്യൂഡല്‍ഹി: വ്യാജ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും 10,000 രൂപ പിഴ ചുമത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡി.ഒ.ടി). ഉപഭോക്താക്കള്‍ക്ക് അനധികൃത കണക്ഷനുകളില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറക്കുമെന്നും വകുപ്പ് വ്യക്തമാക്കി. ഈ നടപടികള്‍ ഏകോപിപ്പിക്കുന്നതിനു കേന്ദ്ര തലത്തില്‍ ഒരു ഡേറ്റാ ഇന്റലിജന്‍സ് യൂണിറ്റ് സ്ഥാപിക്കും. ടെലികോം സേവനങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കണ്ടെത്തുക, ഉപഭോക്തൃ പരാതികള്‍ നിരീക്ഷിക്കുക, വ്യാജ ഐഡി തെളിവുകള്‍ ഉപയോഗിച്ച് നേടിയ സിം കാര്‍ഡുകള്‍ കണ്ടെത്തുക, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി തട്ടിപ്പുകള്‍ കണ്ടെത്തുക, പരാതികള്‍ യഥാസമയം പരിഹരിക്കുക എന്നിവയാകും ഈ കേന്ദ്രം നിരീക്ഷിക്കുക.തെറ്റായ തലക്കെട്ട് ഉപയോഗിച്ച് എസ്.എം.എസ്. അയക്കുന്ന ഏതൊരാള്‍ക്കും ചട്ടലംഘനത്തിന് 1,000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. കൂടാതെ ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് അയച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ അയച്ചയാളുടെ ഐഡി സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യുമെന്നും വകുപ്പ് വ്യക്തമാക്കി. 0- 10 വരെയുള്ള ഓരോ വ്യാജ ഇടപെടലിനും 1000 രൂപയും 10- 50 വരെയുള്ള ഇടപെടലുകള്‍ക്കു 5000 രൂപയുമാകും പിഴ ഈടാക്കുക. പിന്നീടുള്ള ഒരോ ഇടപെടലിനും 50,000 രൂപ പിഴ ഈടാക്കും.

Share
അഭിപ്രായം എഴുതാം