ഐസറുകളില്‍ സയന്‍സ് പഠനം ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് സയന്‍സ് എജൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു (ഐസര്‍)കളില്‍ 2021-22 വര്‍ഷത്തെ അഞ്ചു വര്‍ഷത്തെ ബി.എസ്-എം.എസ് ഡ്യുവല്‍ ഡിഗ്രി, നാലു വര്‍ഷത്തെ ബി.എസ്. ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെറാംപുര്‍, ഭോപ്പാല്‍, കൊല്‍ക്കട്ട, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലെ ഐസറുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജെ.ഇ.ഇ. വഴിയുള്ള പ്രവേശനത്തിന്റെ അപേക്ഷ തീയതി ഐ.ഐ.ടി-ജെ.ഇ.ഇ. ഫലം പ്രസിദ്ധീകരിച്ച ശേഷം പ്രഖ്യാപിക്കും. പ്രവേശന പരീക്ഷ 2021 സെപ്റ്റംബര്‍ 17-നു നടക്കും.

2020, 2021 വര്‍ഷങ്ങളില്‍ സയന്‍സ് സ്ട്രീമില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍, ഒ.ബി.സി, ഒ.ബിസി-എന്‍.സി.എല്‍ വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് 55 ശതമനം മാര്‍ക്കുമാണ് നിര്‍ദിഷ്ട യോഗ്യത. മൂന്നു ചാനലുകള്‍ വഴിയാണ് പ്രവേശനം. 1- സ്റ്റേറ്റ്, സെന്‍ട്രല്‍ ബോര്‍ഡുകള്‍, 2- കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന(കെ.വി.പി.വൈ), 3- ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്). സയന്‍സ് വിഷയങ്ങളില്‍ അഞ്ചു വര്‍ഷത്തെ ബി.എസ്.-എം.എസ്. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളും എന്‍ജിനിയറിങ് സയന്‍സ്, ഇക്കണോമിക് സയന്‍സസ് എന്നിവയില്‍ നാലു വര്‍ഷത്തെ ബി.എസ്. പ്രോഗ്രാമുമാണുള്ളത്. ഇനി പറയുന്നവയാണ് കോഴ്സുകള്‍.: ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ്/എര്‍ത്ത് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്, ഇക്കണോമിക് സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ് (വിഭാഗങ്ങള്‍: കെമിക്കല്‍, ഡേറ്റാ സയന്‍സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍), ജിയോളജിക്കല്‍ സയന്‍സസ്, ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സസ്( വിഭാഗങ്ങള്‍: ബയോളജിക്കല്‍, കെമിക്കല്‍, ഡേറ്റ, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍), മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്. ഇക്കണോമിക് സയന്‍സസ് പഠനം ഭോപ്പാലില്‍ മാത്രം. കെ.വി.പി.വൈ. ചാനല്‍ വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുണ്ടാവും. മറ്റു രണ്ടു ചാനല്‍ വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹോസ്റ്റല്‍ സൗകര്യമുണ്ട്. വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 2000 രൂപ. എസ്.സി,എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് 1000 രൂപ. ബോര്‍ഡിന്റെയും കെ.വി.പി.വൈയുടെയും യോഗ്യതയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

Share
അഭിപ്രായം എഴുതാം