ഡോ. മുഹമ്മദ് അഷീലിനെ സാമൂഹിക സുരക്ഷാ മിഷനില്‍ നിന്ന് മാറ്റി

സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിൽ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീൽ പോകുന്നത്.

അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയതുകൊണ്ട് സ്ഥാനമൊഴിയുകയാണെന്നാണ് ഡോ. അഷീൽ നൽകുന്ന വിശദീകരണം.  ഡോ. അഷീൽ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യവകുപ്പിലേക്ക് തന്നെ പോകുന്നതെന്നും വിവരമുണ്ട്. കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് മാറ്റം.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ആരോഗ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡോ. അഷീൽ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക എത്തുന്നത്.

കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധ നേടിയിരുന്നു. എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഡോ. അഷീൽ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.വളരെ നിര്‍ണായകമായ പങ്കാണ് കൊവിഡിനെ നേരിടുന്നതില്‍ അഷീല്‍ വഹിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വളരെ ജനപ്രീതി പിടിച്ചുപറ്റിയ വ്യക്തിയാണ്. ചാനല്‍ ചര്‍ച്ചകളിലെയും സ്ഥിരം സാന്നിധ്യമാണ് ഡോ. അഷീല്‍.

Share
അഭിപ്രായം എഴുതാം