രാജ്യാന്തര ഫുട്ബോളിൽ നിന്ന് റയൽ മാഡ്രിഡിൻ്റെ ജർമ്മൻ താരം ടോണി ക്രൂസ് വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ക്രൂസ് തന്നെയാണ് വിരമിക്കൽ അറിയിച്ചത്.
യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജർമ്മനി പുറത്തായതിനു പിന്നാലെയാണ് പ്രഖ്യാപനം. ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുൻപ് തന്നെ വിരമിക്കൽ തീരുമാനം എടുത്തിരുന്നു എന്നാണ് ക്രൂസ് കുറിച്ചത്. “2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഞാൻ ഉണ്ടാവില്ലെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. വികാരങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം ഞാൻ ഒരിക്കലും തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം. പ്രധാനമായി റയൽ മാഡ്രിഡിലുള്ള എൻ്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്. ഒരു ഭർത്താവും പിതാവും എന്ന നിലയിൽ എൻ്റെ ഭാര്യക്കും മൂന്ന് മക്കൾക്കുമായി എനിക്ക് സമയം മാറ്റിവെക്കേണ്ടതുണ്ട്.’- ക്രൂസ് കൂട്ടിച്ചേർത്തു.
31കാരനായ താരം ജർമ്മനിക്കായി 106 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയിട്ടുളത്. ജർമ്മനിക്കൊപ്പം ലോകകപ്പ് കിരീടവും അദ്ദേഹം സ്വന്തമാക്കി. ബയേൺ മ്യൂണിക്കിലൂടെ കരിയർ തുടങ്ങിയ താരം 2014ൽ റയൽ മാഡ്രിഡിലെത്തി.