എറണാകുളം: ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു  ആവശ്യമാണ്. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുന്നതിനുള്ള പഴുതടച്ച നിയമനിർമ്മാണം നടത്തുന്നതിനുള്ള പഠന പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലഹരി വിമുക്തഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നശാ മുക്ത് ഭാരത് അഭിയാന്‍ എന്ന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ഒരു മാസത്തെ ലഹരി വിരുദ്ധ തീവ്ര യജ്ഞത്തിന്റെയും  ഉദ്ഘാടനം ഓൺലൈനായി നടത്തുകയായിരുന്നു മന്ത്രി.  

യുവാക്കളെ ശക്തമായി കാർന്നുതിന്നുന്ന സാമൂഹ്യ തിന്മയാണ് ലഹരിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എക്സൈസ് വകുപ്പിന്റെയും പോലീസിറെയും സഹകരണ പ്രവർത്തനത്തിലൂടെ ലഹരി വസ്തുക്കളുടെ ലഭ്യത കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കലാലയങ്ങളിൽ വിദ്യാർത്ഥികളെ കൂടി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം.  ഇതിനായി മുഴുവൻ കലാലയങ്ങളിലും ജാഗ്രത സെൽ രൂപീകരിക്കണം. ഇതിലൂടെ കേരളത്തിലെ ക്യാമ്പസുകളെല്ലാം ലഹരി വിരുദ്ധ കാമ്പസുകളായി പ്രഖ്യാപിക്കാൻ കഴിയണം. കുടുംബശ്രീയെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി മുന്നോട്ടു പോകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ലഹരി വസ്തുക്കളുടെ ഉപയോഗങ്ങൾ കൊണ്ടുള്ള വൈകല്യങ്ങള്‍ തടയലും ചികില്‍സയും’ എന്ന വിഷയത്തിൽ  ദേശീയ  വെബിനാറും നടന്നു. ഡോ. തോമസ് സ്കറിയ, ഡോ. യത്തന്‍പാല്‍ സിംഗ് ബല്‍ഹാര, തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്.സു ഹാസ്, പി.ടി.തോമസ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണർ അഫ്സാന പർവീൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ.സുബൈർ എന്നിവർ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം