ബംഗളുരു: മുസ്ലിം വയോധികന് മര്‍ദനമേറ്റുവെന്ന തരത്തില്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത് തെറ്റായ വാര്‍ത്തയാണെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് നല്‍കിയ നോട്ടീസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം. അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ പാടില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മഹേശ്വരി ട്വിറ്ററിന്റെ ജീവനക്കാരനാണെന്നും കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി കൊടുക്കാവുന്നതാണെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നേരിട്ട് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെടുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.