ജനീവ: 55 വർഷത്തിലധികമായി യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ നിലനിൽക്കുന്ന എവേ ഗോൾ (ഇരുപാദ മത്സരം സമനിലയിലായാൽ എതിർടീമിെൻറ ഗ്രൗണ്ടിൽ നേടുന്ന ഗോളുകൾ ഇരട്ടിയായി പരിഗണിക്കുന്ന) നിയമം ഒഴിവാക്കി യുവേഫ. 2021-22 സീസൺ മുതൽ ഇത് നടപ്പാവുമെന്ന് യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫെറിൻ അറിയിച്ചു.
ഇതോടെ ദ്വിപാദ മത്സരശേഷം സ്കോർ തുല്യമാണെങ്കിൽ 30 മിനിറ്റ് അധികസമയവും സമനില തുടരുകയാണെങ്കിൽ ഷൂട്ടൗട്ടുമാണുണ്ടാവുക. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, വിമൻസ് ചാമ്പ്യൻസ് ലീഗ്, യുവേഫ യൂത്ത് ലീഗ്, യുവേഫ സൂപ്പർ കപ്പ്, പുതുതായി നടക്കാനിരിക്കുന്ന യൂറോപ കോൺഫറൻസ് ലീഗ് എന്നിവയിലെല്ലാം പുതിയ നിയമം നടപ്പാവും. 1965ലാണ് യൂറോപ്യൻ ഫുട്ബാളിൽ എവേ ഗോൾ നിയമം വന്നത്.