മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് മുംബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പില്‍ അയല്‍ക്കാര്‍ നിരന്തരം ശല്യംചെയ്യുന്നതായി എഴുതിയിട്ടുണ്ട്. അയല്‍വാസികളായ അയൂബ് ഖാന്‍, ഷെഹ്നാസ് ഖാന്‍, ഷദാബ് ഖാന്‍ എന്നിവരുടെ പേരുകളാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് അയൂബ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.
രേഷ്മയുടെ ഭര്‍ത്താവ് ശരത് മുലുക്തല കഴിഞ്ഞമാസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വാരണാസിയില്‍ വെച്ച് മരിച്ച ഭര്‍ത്താവിനെ അവസാനമായി കാണാനോ, അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനോ രേഷ്മക്ക് സാധിച്ചിരുന്നില്ല. അതിനിടെയാണ് അയല്‍ക്കാര്‍ രേഷ്മയുമായി പ്രശ്‌നമുണ്ടാക്കിയത്. മകന്‍ ബഹളം വയ്ക്കുന്നുവെന്ന് കാട്ടി അയല്‍ക്കാര്‍ സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോടും പൊലീസിനോടും പരാതിപ്പെട്ടെന്നാണ് രേഷ്മയുടെ ആരോപണം. ഇതേത്തുടര്‍ന്ന് ഒരു തവണ പൊലീസ് ഇവരുടെ ഫ്‌ളാറ്റില്‍ എത്തുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മയെ അധികം പുറത്തേക്ക് കണ്ടിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി രേഷ്മ താമസിച്ചിരുന്ന ചാന്ദിവലി നാഹേര്‍ അമൃത്ശക്തി കോംപ്‌ളക്സിന്റെ 12ാം നിലയിലെ ഫ്ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നു.