‘അതേ ആഴ്ചപ്പതിപ്പിൽ ഒരു കുറിപ്പു നൽകി പരിഹരിക്കേണ്ട കാര്യത്തിനാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ 40 മിനുട്ടെടുത്തത് ‘ പ്രതികരണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസ് അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയെക്കുറിച്ച് അഭിമുഖത്തില്‍ സുധാകരന്‍ അങ്ങനെ പറഞ്ഞില്ലെന്നും ഓഫ് ദെ റോക്കോഡായി പറഞ്ഞ കാര്യമാണെന്നും അഭിമുഖം സംബന്ധിച്ച് നേരത്തെ തന്നെ സുധാകരന്‍ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും വിഡി സതീശന്‍ 19/06/21 ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

‘ഇനി അഥവാ മുഖ്യമന്ത്രി അത് കണ്ടെങ്കില്‍ത്തന്നെ ഏത് ആഴ്ചപ്പതിപ്പിലാണോ അത് വന്നത് അതില്‍ തന്നെ ഒരു കുറിപ്പ് കൊടുക്കുന്നതിന് പകരം 40 മിനുട്ടെടുത്ത് ഒരു ചരിത്രം മുഴുവന്‍ പറയുകയാണ്. ഞങ്ങളെല്ലാം ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വന്നവരാണ്. കാമ്പസ് രാഷ്ട്രീയത്തില്‍ വളരെ രസകരമായ കാര്യങ്ങളുണ്ടാവും അത് നമ്മളൊക്കെ ഇന്ന് സുഹൃത്തുക്കളോടൊപ്പമിരുന്ന് രസകരമായി ചര്‍ച്ച ചെയ്യും. ഞങ്ങളൊക്കെ അന്ന് കെഎസ്‌യുവിലായിരുന്നു. എസ്എഫ്‌ഐയിലുണ്ടായിരുന്ന ആളുകളൊക്കെ ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരും ഞങ്ങളും ഒരുമിച്ചിരുന്നാണ് ചര്‍ച്ച ചെയ്യാറ്’

കേരളത്തില്‍ ഇങ്ങനെയൊരു മഹമാരി നില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വൈകുന്നേരം പത്രസമ്മേളനം കാണുന്നത് ലോക്ഡൗണ്‍ ഇളവുകള്‍, പ്രതിസന്ധികാലത്തെ സര്‍ക്കാര്‍ സഹായം, കൊവിഡ് രോഗവിവരങ്ങള്‍ തുടങ്ങിയവ അറിയാനാണ്. ആ പത്രസമ്മേളനം ഇങ്ങനെയൊരുകാര്യത്തിന് ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

കേരളത്തെ ഞെട്ടിച്ച മരമുറിക്കേസ് നടക്കുകയാണ്. അതിനെയെല്ലാം മറച്ചു വെക്കാനാണ് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ വലിയ രീതിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ശ്രദ്ധമാറ്റാനുള്ള ശ്രമമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു. മരംമുറിക്കേസ് വിവാദത്തില്‍ കോണ്‍ഗ്രസ് അന്വേഷണം നടത്തിവരികയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

പണ്ട് കോളേജില്‍ പഠിക്കുമ്പോഴുള്ള ഉന്തും തള്ളും പത്രസമ്മേളനത്തില്‍ പറയേണ്ടതില്ല. കോളേജില്‍ സംഘര്‍ഷ സംഭവങ്ങള്‍ ഉണ്ടായിക്കാണും. ഇന്നത്തെ കാലത്ത് അത്തരം ചര്‍ച്ചകളിലേക്ക് മാധ്യമങ്ങളും പോവേണ്ടതില്ലെന്നും ഈ ചര്‍ച്ച ഇന്നത്തോടെ അവസാനിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം