ഇടുക്കി: വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ഇടുക്കി: ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പരിപാടികള്‍ ജില്ലയില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും.

ജില്ലാതല ഉദ്ഘാടനം വിപുലമായി ഓണ്‍ലൈനായി  സംഘടിപ്പിക്കും. വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 രാവിലെ 11 മണിക്ക് വെള്ളത്തൂവല്‍  എ.കെ.ജി ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍ അദ്ധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി  വിനോദ്  വൈശാഖി പി. എന്‍ പണിക്കര്‍ അനുസ്മരണം നടത്തും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സി. അംഗം  കെ. എം. ബാബു  പദ്ധതി വിശദീകരിക്കും. ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി  ഇ. ജി സത്യന്‍, ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി പി.എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

ജൂണ്‍ 22 ന് രാവിലെ 11ന് ഓണ്‍ലൈനായി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രന്‍ ജി. ശങ്കരപ്പിള്ള അനുസ്മരണം നടത്തും. ജൂണ്‍ 23, 24 തീയതികളില്‍ വായനശാലാ കേന്ദ്രീകരിച്ചായിരിക്കും പക്ഷാചരണ പരിപാടികള്‍. പരിപാടികളുടെ അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് കുറിപ്പായി തയ്യാറാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഇ-മെയിലിലേക്ക് അയച്ചു നല്‍കാം. മികച്ചവ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.
ജൂണ്‍ 25 ന് ടിവി ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ആന്റണി മുനിയറ, 26 ന് കവി ജോസ് കോണാട്ട്, 27 ന് കാഞ്ചിയാര്‍ രാജന്‍, 28 ന് നോവലിസ്റ്റ് പി.എ. ഉഷാകുമാരിയും വായനാനുഭവം പങ്കുവെയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വായനാനുഭവം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വാട്ട്‌സ് ആപ്പിലേക്കും അയക്കാം. ഫോണ്‍ 9496000620.ഇതിലെ മികച്ചതും ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.

ജൂണ്‍ 30 ന് രാവിലെ 11ന് ഓണ്‍ലൈനായി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ പൊന്‍കുന്നം വര്‍ക്കി അനുസ്മരണം നടത്തും. ജൂലൈ ഒന്നിന് രാവിലെ 11ന് ഓണ്‍ലൈനായി മോബിന്‍ മോഹന്‍ പി. കേശവദേവ് അനുസ്മരണം നടത്തും. എന്‍. പി. മുഹമ്മദിനെ വായിക്കുമ്പോള്‍ അനുഭവവും അദ്ദേഹം പങ്കുവെയ്ക്കും. ജൂലൈ രണ്ടിന് ഉപരി പഠനത്തിന്റെ സാദ്ധ്യതകളെ സംബന്ധിച്ച് ഓണ്‍ലൈന്‍ മീറ്റിങ് സംഘടിപ്പിക്കും. ഇതില്‍ മികച്ച വായനാനുഭവം തയ്യാറാക്കിയ കുട്ടികളെ അനുമോദിക്കും.

ജൂലൈ നാലിന് കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി. സാംബശിവന്റെ ജന്‍മദിനത്തില്‍ ലൈബ്രറിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അദ്ദേഹത്തിന്റെ കഥാപ്രസംഗ കലയിലെ സവിശേഷത, കുട്ടികള്‍ക്ക് വീഡിയോ, ഓഡിയോ എം പി4 രൂപത്തില്‍ ഓണ്‍ലൈനായി അവതരിപ്പിക്കാം.

പതിനാറാംകണ്ടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളം അദ്ധ്യാപകന്‍ അജിമോന്‍ എം. ഡി  ജൂലൈ അഞ്ചിന് രാവിലെ 11ന് ഓണ്‍ലൈനായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തും. ശേഷം കവി തിരുനെല്ലൂര്‍ കരുണാകരനെ കവി കെ. ആര്‍ രാമചന്ദ്രന്‍ അനുസ്മരിക്കും.

ജൂലൈ ആറിന് വിദ്യാര്‍ത്ഥികള്‍ക്ക് ബെന്യാമിന്റെ കൃതിയേയും കഥാപാത്രങ്ങളേയും ആസ്പദമാക്കി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഇ-മെയിലിലേക്ക് അയച്ചു നല്‍കാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിശ്ചയിക്കുന്ന വിദഗ്ദ്ധ സമിതിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. മികച്ചവയ്ക്ക് സമ്മാനം നല്‍കും. ജൂലൈ ഏഴിന് ഐ.വി. ദാസിന്റെ ജന്‍മദിനത്തില്‍ വായന പക്ഷാചരണത്തിന്റെ സമാപന പരിപാടികള്‍ സംഘടിപ്പിക്കും.

വായനാദിനവും പക്ഷാചരണവും പ്രമാണിച്ച് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് കാല വായന അനുഭവം പങ്കു വയ്ക്കാം. യുപി വിഭാഗത്തിന്  എന്റെ ഇഷ്ട പുസ്തകം,  ഹൈസ്‌കൂള്‍ വിഭാഗത്തിന് എന്റെ ഇഷ്ട കഥാപാത്രം, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് എന്റെ ഇഷ്ട രചയിതാവ് എന്നിങ്ങനെയാണ് വിഷയങ്ങള്‍.  മലയാളത്തില്‍ 200 വാക്കില്‍ കവിയാതെയുള്ള കുറിപ്പ് എന്ന iprdidukki@gmail.com വിലാസത്തിലേക്ക് ജൂണ്‍ 24 നകം അയച്ചുതരുന്നത് മാത്രമേ പരിഗണിക്കൂ. മികച്ച രചനകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തുന്ന വര്‍ക്ക് പ്രോത്സാഹനസമ്മാനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036.

Share
അഭിപ്രായം എഴുതാം