ഇടുക്കി: ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി ചുമതല ഏറ്റതിന് ശേഷം ആദ്യമായി കളക്ടറേറ്റില്‍ നേരിട്ടെത്തി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.  എം.പി ഡീന്‍ കുര്യാക്കോസ് ഓണ്‍ലൈനായി ചേര്‍ന്നു. 

നിലവിലുള്ള ടവറുകളിലെ സേവനം മെച്ചപ്പെടുത്തി കാര്യക്ഷമമാക്കുക, ടവര്‍ ഇല്ലാത്തയിടങ്ങളില്‍ ടവര്‍ വിപുലീകരണം നടത്തുക, വൈദ്യുതി തടസം നേരിടുമ്പോള്‍ ടവറുകള്‍ ഓഫായി പോകുന്ന സാഹചര്യത്തില്‍ ബാറ്ററി ബാക്അപ്പും ജനറേറ്ററിന്റെ ഉപയോഗവും കാര്യക്ഷമമാക്കുക. ടവര്‍ ഷെയറിങ് സാധ്യമാക്കാന്‍ ജില്ലയിലെ എല്ലാ ടവറുകളുടെയും ലൊക്കേഷന്‍ പരിശോധിച്ച് അവയുടെ ലിസ്റ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് ലഭ്യമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

പട്ടയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്ത്  ടവര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്തയിടങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ നിയമം അനുസരിച്ചു അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വകാര്യ സംരംഭകര്‍ക്കു ടവറുകളില്ലാത്ത ഇടങ്ങളില്‍ ബിഎസ്എന്‍എലിന്റെ ടവറുകള്‍ പങ്കുവയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ 11 ഇടങ്ങളില്‍ ബിഎസ്എന്‍എലിന്റെ ടവറുകള്‍ പങ്കുവയ്ക്കുന്നതിനു  റിലയന്‍സ് ജിയോ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ രണ്ടെണ്ണത്തിന് അനുമതി നല്‍കി. അഞ്ചു ടവറുകള്‍ ശേഷി കുറഞ്ഞവിഭാഗത്തിലുള്ളവയാണെന്നും, അത് ഷെയര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബാക്കി നാലു ഇടങ്ങളിലെ ടവറുകളുടെ അവസ്ഥ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ബിഎസ്എന്‍എല്‍ പ്രതിനിധി അറിയിച്ചു.

ഇടുക്കി മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ നിയമ തടസം നീക്കുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ദീര്‍ഘ ഭാവിയിലെ ആവശ്യങ്ങള്‍കൂടി മുന്നില്‍ കണ്ട് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനോടും മന്ത്രി മറ്റൊരു യോഗത്തില്‍ ആവശ്യപ്പെട്ടു. 

 യോഗങ്ങളില്‍  എംഎല്‍എ മരായ എംഎം മണി, വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം ഷൈജു ജോസഫ് തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും  വിവിധ മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം