കോഴിക്കോട്: ജല ജീവന്‍ മിഷന്‍ – തിരുവമ്പാടിയിൽ ആദ്യം 4 പഞ്ചായത്തുകളില്‍

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിൽ ജല ജീവന്‍ മിഷന്‍  പദ്ധതി തെരഞ്ഞെടുത്ത നാലു പഞ്ചായത്തുകളിൽ  ആദ്യം നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു.  പദ്ധതിയുടെ  തിരുവമ്പാടി മണ്ഡലം അവലോകനയോഗം എം എൽ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് വെള്ളമെത്തിക്കുക.  രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.

 എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024 ഓടെ ശുദ്ധജലം എത്തിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിഭാവനം ചെയ്തതാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി. കാരശ്ശേരി പഞ്ചായത്തിലെ എള്ളങ്ങള്‍ എന്ന സ്ഥലത്ത് 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് കൂളിമാട് വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള പമ്പിങ് സ്റ്റേഷനില്‍നിന്നും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതാണ് പദ്ധതി. കൂടരഞ്ഞി ഗോള്‍ഡന്‍ ഹില്‍ കുന്നിൽ ടാങ്ക് നിര്‍മ്മിച്ച് വെള്ളം സംഭരിച്ച് അവിടെനിന്നും കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലേക്കും തിരുവമ്പാടി അന്‍സില ഭവന്‍ കുന്നിലേക്കും  വിതരണശൃംഖല വഴി വെള്ളം എത്തിക്കും.

ആദ്യഘട്ട പദ്ധതിക്ക് 242.6 കോടി രൂപയുടെ അടങ്കല്‍ ആണ് അംഗീകരിച്ചിട്ടുള്ളത്. 50% കേന്ദ്രസര്‍ക്കാര്‍, 20% ശതമാനം സംസ്ഥാന സര്‍ക്കാര്‍, 15% തദ്ദേശഭരണസ്ഥാപനങ്ങള്‍ 10% ഗുണഭോക്തൃവിഹിതം എന്നിങ്ങനെയാണ് ഫണ്ട് വിഹിതം. ടാങ്ക് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലവും തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണം. 

രണ്ടാംഘട്ടമായി ചാത്തമംഗലം പഞ്ചായത്തിലെ തണ്ണിക്കോട് മലയില്‍ സ്ഥാപിക്കുന്ന പ്രധാന ടാങ്കില്‍ നിന്നും 9 പഞ്ചായത്തുകളിലേക്ക് ശുദ്ധീകരിച്ച വെള്ളം എത്തിച്ച് വിതരണം ചെയ്യും. പുതുപ്പാടി പഞ്ചായത്തിലെ ചെറുപ്ലാട്, കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ എന്ന സ്ഥലങ്ങളിലാണ് ടാങ്കുകള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇവിടെനിന്നും ജലം വിതരണം ചെയ്യാന്‍ പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേക പദ്ധതികള്‍ വഴി ജല വിതരണം നടത്തും. രണ്ടാംഘട്ട പദ്ധതിക്ക് 572 കോടി രൂപയുടെ അടങ്കല്‍ ആണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ടാങ്കിന് ആവശ്യമായ സ്ഥലം വേഗത്തില്‍ ഏറ്റെടുക്കാനും പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രത്യേകം അജണ്ട വച്ച് ചര്‍ച്ച ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം