പ്രതിഷേധത്തിന് മുന്നില്‍ മയപ്പെട്ട് പ്രഫുല്‍ പട്ടേല്‍; ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ ആരംഭിച്ച ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു. അഡ്മിനിസ്‌ട്രേഷന്റെ ഭൂമിയേറ്റെടുക്കല്‍ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. 17/06/21 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട് പുറത്തുവന്നത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ഭൂവുടുമകളെ അറിയിക്കാതെ സ്വകാര്യ ഭൂമി ഏറ്റെടുത്തതിന്റെ വാര്‍ത്തകള്‍ 16/06/21 ബുധനാഴ്ചയായിരുന്നു പുറത്തുവന്നത്.

കവരത്തിയിലെ ഇരുപതോളം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളാണ് ഏറ്റെടുത്തിരുന്നത്. കൊടികള്‍ കണ്ടപ്പോഴാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്ന് സ്ഥലം ഉടമകള്‍ പറഞ്ഞിരുന്നു. എന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് പ്രദേശവാസികളില്‍ ആരെയും അറിയിച്ചിരുന്നില്ല.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍.ഡി.എ.ആറിന്റെ കരടു രൂപരേഖ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിലായിരുന്നു പുതിയ നിയമം.

തടയാന്‍ ഉന്നതതല യോഗം ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രഫുല്‍ ഖോഡാ പട്ടേലില്‍ ഇപ്പോള്‍ ലക്ഷദ്വീപിലെത്തിയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിരുന്നു. നടപടികള്‍ എത്രയും വേഗം ആരംഭിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Share
അഭിപ്രായം എഴുതാം