പറ്റിപ്പോയി സാറെ …

കൊച്ചി; എലി തുരന്ന്‌ വെളിച്ചത്തുകൊണ്ടുവന്ന മദ്യക്കടത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. ബംഗളൂര്‍ താമസക്കാരനായ മലയാളിയാണ്‌ മദ്യം പാഴ്‌സല്‍ ചെയ്‌ത്‌ കേരളത്തിലേക്ക് അയച്ചത്‌. തപാല്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ സുഹൃത്തിനെ സഹായിക്കാനായി മദ്യം പാഴ്‌സല്‍ ആയി അയച്ച ആളെ കണ്ടെത്തിയത്‌. താനാണ്‌ മദ്യം അയച്ചതെന്നും കുറ്റത്തിന്റെ ഗൗരവം മനസിലാക്കാത്തതിനാല്‍ പറ്റിപ്പോയതാണെന്നും ഫോണിലൂടെ ഇയാള്‍ മൊഴി നല്‍കി. ഇയാളുടെ എറണാകുളത്തെ സുഹൃത്തിന്റെ വിവരങ്ങള്‍ എക്‌സൈസ്‌ പുറത്തുവിട്ടിട്ടില്ല. രണ്ടുപേരും കേസില്‍ പ്രതികളാണ്‌. സംസ്ഥാനത്ത്‌ വില്‍ക്കാന്‍ അനുവാദമില്ലാത്ത മദ്യം കടത്താന്‍ ശ്രമിച്ചതിന്‌ എക്‌സൈസ്‌ നിയമം 58 വകുപ്പു ചുമത്തിയാണ്‌ കേസ്‌. ഒരുലക്ഷം രൂപ പിഴയും 10 വര്‍ഷം വരെ തടവും കിട്ടാവുന്ന വകുപ്പാണിത്‌.

3021 ജൂണ്‍ 15ന്‌ ചൊവ്വാഴ്‌ച ഉച്ചക്കാണ്‌ എലി തുരന്ന പാഴ്‌സലിലെ മദ്യ കുപ്പികള്‍ എറണാകുളം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത്‌. 8പിഎം ബ്രാണ്ടിയുടെ മൂന്ന്‌ പൈന്റ് കുപ്പികളും, ടച്ചിംഗ്‌സായി മിക്‌സ്‌ചറുമായിരുന്നു പെട്ടിയില്‍. മിക്‌സ്‌ചറിന്റെ മണം പിടിച്ചെത്തിയ എലിയാണ് പെട്ടി തുരന്ന് മദ്യ കടത്ത് വെളിച്ചത്ത് കൊണ്ടുവന്നത്. കസ്റ്റഡിയിലെടുത്ത മദ്യവും പെട്ടിയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ആളെ കുടുക്കാന്‍ ചെയ്‌ത പണിയാണോ ഇതെന്നടക്കം പോലീസ്‌ പരിശോധിക്കും.

ഇനി മദ്യം വരുത്തിയ എറണാകുളത്തെ വിലാസക്കാരനെ പോലീസ്‌ ചോദ്യം ചെയ്യും. തപാല്‍ വകുപ്പുകാരുടെ മൊഴി രേഖപ്പെടുത്തുക, ബാംഗളൂര്‍ തപാലോഫീസിലെ ദൃശ്യങ്ങള്‍ ശേഖരിക്കുക പാഴ്‌സല്‍ അയച്ചയാളെ കൊച്ചിയില്‍ എത്തിച്ചോ, ബാംഗളൂരിലെത്തിയോ ചോദ്യം ചെയ്യുക തുടങ്ങിയവയും ഇനി പോലീസ്‌ ചെയ്യേണ്ടതുണ്ട്‌. തപാല്‍ വഴി മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിശദമായ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ്‌ തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎ അശോക്‌ കുമാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം