കോവിഡ് രണ്ടാം തരംഗം ഗർഭിണികളെയും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളെയും കൂടുതൽ ബാധിച്ചതായി ഐ സി എം ആർ

ന്യൂഡൽഹി: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഗർഭിണികളും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളും കൂടുതൽ രോഗബാധിതരായതായി ഐസിഎംആർ. ഈ വിഭാഗത്തിലുള്ളവരിൽ മരണനിരക്ക് വളരെ ഉയർന്നതാണെന്നും ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു.

ആദ്യ തരംഗത്തിനിടയിലുണ്ടായ (ഏപ്രിൽ 1, 2020 – ജനുവരി 31, 2021) ഗർഭിണികളും പ്രസവാനന്തര സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളും രണ്ടാം തരംഗത്തിനിടയിലുണ്ടായ (ഫെബ്രുവരി 1, 2021 മുതൽ മെയ് 14 വരെ) കേസുകളും താരതമ്യപ്പെടുത്തിയാണ് ഐസിഎംആർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.

രണ്ടാമത്തെ തരംഗത്തിൽ ഈ വിഭാഗത്തിൽ 28.7 ശതമാനമായി രോഗലക്ഷണ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത്. ആദ്യ തരംഗത്തിൽ ഇത് വെറും 14.2 ശതമാനമായിരുന്നു’
ഐ സി എം ആർ റിപ്പോർട് വ്യക്തമാക്കുന്നു.

രണ്ടാമത്തെ തരംഗത്തിൽ ഗർഭിണികളിലും പ്രസവാനന്തര സ്ത്രീകളിലുമുള്ള മരണനിരക്ക് 5.7 ശതമാനമാണ്, എന്നാൽ ആദ്യ തരംഗത്തിൽ ഇത് 0.7 ശതമാനം മാത്രമായിരുന്നു.

പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലുമുള്ള ആകെ മാതൃമരണങ്ങളുടെ എണ്ണം 2 ശതമാനം (30/1530) ആണ്, ഇതിൽ ഭൂരിഭാഗവും കോവിഡിൻ്റെ തുടർച്ചയായുണ്ടാകുന്ന ന്യുമോണിയയും ശ്വാസകോശ സംബന്ധമായ തകരാറും മൂലമാണ്.

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതിന്റെ പ്രാധാന്യം ഈ പഠനം അടിവരയിടുന്നു, ഐ സി എം ആർ പറഞ്ഞു.

മുലയൂട്ടുന്ന എല്ലാ സ്ത്രീകൾക്കും കോവിഡ് -19 വാക്സിനേഷൻ ശുപാർശ ചെയ്യുന്നുണ്ട് എങ്കിലും ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ അഭാവം ചൂണ്ടിക്കാട്ടി ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കേന്ദ്ര സർക്കാർ ഇപ്പോഴും അനുമതി നൽകിയിട്ടില്ല. ഇക്കാര്യം നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ നിലവിൽ ചർച്ച ചെയ്തു വരികയാണ്.

ഗർഭിണികൾക്ക് കോവിഡിലൂടെ കൂടുതൽ അപകടസാധ്യതയുണ്ടെങ്കിൽ അവർക്ക് കുത്തിവയ്പ് നൽകണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച ശുപാർശ ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം