കോഴിക്കോട്: ഓണ്‍ലൈന്‍ വായനോത്സവവുമായി എസ്.എസ്.കെ. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കോഴിക്കോട്: ലോക്ക്ഡൗണില്‍  സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വായനോത്സവ  പരിപാടികള്‍ക്ക് മുടക്കം സംഭവിക്കാതിരിക്കാനായി ഓണ്‍ലൈനില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് സമഗ്ര ശിക്ഷാ കോഴിക്കോട്.
ജൂണ്‍ 18 ന് ആരംഭിച്ച് 24 ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. കുട്ടികളില്‍  വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും ഹോം ലൈബ്രറി ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് ഊന്നല്‍. ഇതിനായി പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, കഥാപാത്രാവിഷ്‌കാരം, ചിത്രരചന മുതലായവയില്‍ മത്സരം നടത്തും.  വിവിധ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമുണ്ടാകും.  

 എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേകമായി പരിപാടികളുണ്ടാകും. എല്‍.പി. വിഭാഗത്തിന് പഞ്ചായത്ത് തലം വരെയും യു.പി. വിഭാഗത്തിന് ബി.ആര്‍.സി തലം വരെയുമാണ് മത്സരം.  ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികളുടെ മത്സരങ്ങള്‍ ജില്ലാതലം വരെയുണ്ടാകും. ജില്ലാതല വായനോത്സവത്തിന്റെ ഉദ്ഘാടനം 24ന്  സാഹിത്യകാരന്‍ എം. മുകുന്ദന്‍ നിര്‍വ്വഹിക്കും. ബെന്യാമിന്‍, ഡോ. ഖദീജ മുംതാസ് എന്നിവര്‍  തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും.  ജില്ലാതലത്തില്‍  മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ ഉണ്ടായിരിക്കുമെന്ന്  എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.

Share
അഭിപ്രായം എഴുതാം