നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത മലയാള നാടകകൃത്തും സംവിധായകനുമായ ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16/06/21 ബുധനാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.

മരം പെയ്യുന്നു, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, ഉറൂബിന്റെ നോവലിന്റെ രംഗഭാഷയായ രാച്ചിയമ്മ, കുരുടൻ പൂച്ച, കർക്കടകം, പതിമൂന്നാം വയസ്, കൂവാഗം തുടങ്ങി ഒട്ടേറെ നാടകങ്ങൾ ശാന്തകുമാറിന്റെ തൂലികയിലൂടെ രചിച്ചിട്ടുണ്ട്. 2010 ൽ മരം പെയ്യുന്നു എന്ന നാടക രചനക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ സ്വന്തമാക്കിയ ഇദ്ദേഹം ആഗോളവൽക്കരണത്തിന്റെ കെടുതികൾ തുറന്നു കാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനാവുന്നത്. ശൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്.

വളരെ ചെറുപ്പത്തിൽ തന്നെ ജനപ്രതിനിധിയായ ശാന്തകുമാർ സാമൂഹിക പ്രതിബന്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് പറമ്പിൽ സ്വദേശിയായ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. സംസ്ക്കാരം നാളെ.

Share
അഭിപ്രായം എഴുതാം