എല്‍.ജെ.പിയില്‍ കുടുംബകലഹം: ചിരാഗ് പാസ്വാനെ വിട്ട് 5 എം.പിമാര്‍

പട്ന: ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്ന് പിതാവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ 5 എം.പിമാര്‍ തെറ്റിപ്പിരിഞ്ഞു.
തെറ്റിപ്പിരിഞ്ഞ എം.പിമാര്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവാദം തേടി സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്നാണ് റിപ്പോര്‍ട്ട്. രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് ആഭ്യന്തരകലഹം. എല്‍.ജെ.പി. പിളര്‍ത്തിയിട്ടില്ലെന്നും പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും പരസ് അവകാശപ്പെട്ടു. പരസിനെ ലോക്സഭയിലെ എല്‍.ജെ.പി. നേതാവായി പ്രഖ്യാപിച്ച വിമതപക്ഷത്തിന്റെ നീക്കത്തിന് സ്പീക്കര്‍ അംഗീകാരം നല്‍കി.കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമായിരിക്കെത്തന്നെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പി. തനിച്ചാണു മത്സരിച്ചത്. അധികാരം നിലനിര്‍ത്താനായെങ്കിലും ചിരാഗിന്റെ ഈ നിലപാട് മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെ.ഡി.യുവിനും കനത്ത തിരിച്ചടിയായി. അദ്ദേഹത്തിന്റെ പ്രതികാരമാണ് എല്‍.ജെ.പിയിലെ കലഹത്തിനു പിന്നിലെന്നാണു റിപ്പോര്‍ട്ട്. ചിരാഗ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണെന്നും തന്റെ സഹോദരപുത്രനായ അദ്ദേഹത്തോട് ഒരു എതിര്‍പ്പുമില്ലെന്നും പരസ് പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനു രാംവിലാസ് പാസ്വാന്‍ അന്തരിച്ചതിനു തൊട്ടുപിന്നാലെ പരസ്യമായി ഇടഞ്ഞ പരസും ചിരാഗും ഒരു പാര്‍ട്ടിയായി തുടരുമ്പോള്‍ത്തന്നെ കത്തുകളിലൂടെയായിരുന്നു ആശയവിനിമയം. പാര്‍ട്ടി പിളരുമെന്നായതോടെ ചിരാഗ് ഇന്നലെ ഡല്‍ഹിയില്‍ പരസിന്റെ വസതിയിലേക്കു ചെന്നെങ്കിലും കാറില്‍നിന്ന് ഇറങ്ങിയില്ല. അദ്ദേഹത്തെ സ്വീകരിക്കാന്‍ പരസ് വീട്ടില്‍നിന്ന് പുറത്തുവന്നതുമില്ല. എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്നു നാടകീയ സംഭവവികാസങ്ങള്‍ക്കു ശേഷം പരസ് പ്രഖ്യാപിച്ചു.

Share
അഭിപ്രായം എഴുതാം