മരം കൊള്ള; ആരെയും സംരക്ഷിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാറിന്റേതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വ്യാപകമായി മരം മുറിച്ച് കടത്തിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരം മുറി ഉത്തരവിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ 13/06/21 ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് ഇറക്കിയത് പൊതു ആവശ്യപ്രകാരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും.

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാമെന്ന ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് വിലയിരുത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കൃത്യതയോടെ തീരുമാനം എടുക്കും. വിഷയത്തില്‍ സിപിഐയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറി പറയുമെന്നും കെ രാജന്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം