സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച രണ്ടു പേര്‍ ബംഗളുരുവിൽ പിടിയില്‍; അറസ്റ്റിലായവരിൽ മലപ്പുറം സ്വദേശിയും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേര്‍ ബംഗളുരുവിൽ പിടിയില്‍. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്നാട് തിരുപ്പൂരില്‍ നിന്നുളള ​ഗൗതം ബി. വിശ്വനാഥന്‍ (27) എന്നിവരാണ് പിടിയിലായത്. സതേണ്‍ കമാന്റിലെ മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പൊലീസിന്റെ ആന്റി ടെറര്‍ സെല്ലും ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ 11/06/21 വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര കോളുകള്‍ പ്രാദേശിക കോളുകളിലേക്ക് പരിവര്‍ത്തനം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 960 അനധികൃത സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും നഗരത്തിലെ ആറു പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു.

പാകിസ്ഥാന്‍ ചാര ഏജന്‍സിയില്‍ നിന്നും കിഴക്കന്‍ ആര്‍മി ഇന്‍സ്റ്റലേഷനിലേക്ക് വന്ന ഒരു കോളാണ് അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതികള്‍ സിം ബോക്‌സുകള്‍ ഉപയോഗിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം