ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ ഡോ ബി ആർ അംബേദ്കറുടെ പോസ്റ്റര്‍ കീറിക്കളഞ്ഞത് ചോദിക്കാനെത്തിയ ദലിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഭീം ആര്‍മി പ്രവര്‍ത്തകനായ വിനോദ് ബമാനിയ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ അഞ്ചിനായിരുന്നു ആക്രമണം. കിന്‍ക്രാലിയ ഗ്രാമത്തിലാണ് വിനോദിന്റെ താമസം. വിനോദും ബന്ധുവായ മുകേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഗ്രാമത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചിരുന്നു. തുടര്‍ന്ന് അവരുടെ വീടുകള്‍ക്ക് മുമ്പില്‍ അംബേദ്കറുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാരെത്തി പോസ്റ്ററുകള്‍ കീറുകയായിരുന്നു. ഇതാണ് തര്‍ക്കത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
വിനോദും മുകേഷും കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ഇരുവരുടെയും സൈക്കിള്‍ തടഞ്ഞുനിര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോകി സ്റ്റിക്കും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ വിനോദ് ബമാനിയയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രണ്ടുദിവസത്തെ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
വിനോദിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒ ബി സി സമുദായത്തില്‍പ്പെട്ടവരാണ് വിനോദിനെ ആക്രമിച്ചതെന്നും പ്രതികള്‍ ജാതീയ പരാമര്‍ശം നടത്തിയതായും പൊലീസ് പറയുന്നു.