സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പടിയില്‍

തിരുവനന്തപുരം :കിടപ്പുരോഗികളടക്കം അവശത അനുഭവിക്കുന്നവര്‍ക്ക്‌ പരിചരണം നല്‍കാനുളള ചുമതല ഇനിമുതല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌. സാമൂഹ്യ സന്നദ്ധസേന മുഖാന്തിരമാണ്‌ ഇത്തരം സേവനങ്ങള്‍. ഇപ്പോള്‍ തുടക്കം കുറിക്കുന്ന വാതില്‍പടി സേവനങ്ങളുടെ അടുത്ത ഘട്ടമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിനുളള മാര്‍ഗരേഖ തദ്ദേശ സ്വയംഭരണ വകുപ്പ്‌ അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ്‌ ഇത്‌ നടപ്പാക്കേണ്ടത്‌.

സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍ പടിയില്‍ എത്തിക്കുന്നതിന്‍റെ ആദ്യഭാഗമായി പെന്‍ഷന്‍ വാങ്ങുന്നതിനുളള മസ്റ്ററിംഗ്‌,ലൈഫ്‌ സര്‍ട്ടിഫിക്കറ്റ് ,സാമൂഹ്യ സുരക്ഷാപെന്‍ഷനും ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായത്തിനുളള അപേക്ഷ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌ . അടുത്ത ഘട്ടമായി ആരോഗ്യ സാന്ത്വന സേവനങ്ങളും ഭക്ഷ്യ സുരക്ഷയും ഇവര്‍ ഏറ്റെടുക്കാനാണ് നിര്‍ദ്ദേശം. അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്‌ ,കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ അങ്കണ വാടി, ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തിയാണ്‌ പ്രവര്‍ത്തനം മുന്നോട്ട്‌ കൊണ്ടുപോകേണ്ടത്‌.

കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ദിനചര്യ നിര്‍വഹിക്കുന്നതിനടക്കമുളള സഹായം നല്‍കണം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ ദിനബത്ത അനുവദിക്കും. വീടുകളില്‍ ഒറ്റപ്പെട്ട കഴിയുന്നവരെ സന്ദര്‍ശച്ച്‌ മാനസികോല്ലാസം പകരാന്‍ എന്‍ എസ്‌ എസ്‌ വൊളന്റിയര്‍മാരെ പ്രയോജനപ്പെടുത്തും. കൂട്ടിരുപ്പ്‌ സേവനമാണ്‌ അടുത്തത്‌ .ആശുപത്രിയില്‍ കൂടെപോകാന്‍ ആളില്ലാത്തവര്‍ക്ക്‌ കൂട്ടുപോവുക, മരുന്നുകള്‍ വാങ്ങി നല്‍കുക, വീട്ടുകാര്‍ക്ക്‌ അസൗകര്യമുളളപ്പോള്‍ ആശുപത്രിയിലും വീട്ടിലും കൂട്ടിരിക്കുക എന്നിവക്കും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. ഇവര്‍ക്ക്‌ യാത്ര ചെലവും ദിനബത്തയും നല്‍കും.

ഭക്ഷ്യ സുരക്ഷയാണ്‌ അടുത്തത്‌. എല്ലാവര്‍ക്കും ഭക്ഷണം, ഉറപ്പുവരുത്തും. ജനകീയ ഹോട്ടലില്‍ നിന്നടക്കം ഭക്ഷണം എത്തിക്കും . ഓരോ ഗുണഭോക്താവിനും നിശ്ചയിക്കപ്പെട്ട സേവനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കുന്നതിന്‌ ഐഡന്‍റി റ്റി കമ്യൂണിറ്റി കാര്‍ഡ്‌ ഏര്‍പ്പെടുത്തും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യം ,പോലീസ്‌, ഐസിഡിഎസ്‌ ,അക്ഷയകേന്ദ്രം അയല്‍കൂട്ട പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതി ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോ-ഓര്‍ഡിനേറ്ററും സന്നദ്ധ പ്രവര്‍ത്തകന്‍ ജനറല്‍ കണ്‍വീനറുമായിരിക്കും.

വയോജനങ്ങള്‍, വിവിധ രോഗങ്ങളാല്‍ അവശരായവര്‍, കിടപ്പുരോഗികള്‍ തളര്‍ച്ചയും മാരക രോഗവും ബാധിച്ചവര്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്‌.

Share
അഭിപ്രായം എഴുതാം