പത്തനംതിട്ട: ലോക്ഡൗണില്‍ ആശ്വാസമായി ജനകീയ ഭക്ഷണശാലകള്‍

പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ വിശപ്പകറ്റാന്‍ ആരംഭിച്ച ജനകീയ ഭക്ഷണശാലകള്‍ ജനങ്ങള്‍ ആശ്വാസമാകുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഭക്ഷണശാലകള്‍ വിതരണം ചെയ്തത് 1,62,790 ഉച്ചഭക്ഷണ പൊതികളാണ്. ഇതില്‍ 1,50,354 ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി പാഴ്‌സലായി നല്‍കുകയും 12,436 പൊതികള്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.

ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് 20 രൂപയും പാഴ്‌സല്‍ സംവിധാനത്തില്‍ 25 രൂപയുമാണ് ജനകീയ ഭക്ഷണ ശാലകളുടെ നിരക്ക്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നുള്ളതിനാല്‍ 25 രൂപ നിരക്കിലാണ് ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ ഉച്ചഭക്ഷണം പാഴ്‌സലായി നല്‍കുന്നത്. 

ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 54 ജനകീയ ഭക്ഷണ ഹോട്ടലുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് ജനകീയ ഭക്ഷണ ശാലകളുടെ ചുമതല. 

ജില്ലയില്‍ ജനകീയ ഭക്ഷണശാലകളിലൂടെ ഏറ്റവും അധികം ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ ഉച്ചഭക്ഷണപൊതികള്‍ വിതരണം ചെയ്ത ഗ്രാമപഞ്ചായത്ത് കോയിപ്പുറം ഗ്രാമപഞ്ചായത്തുമാണ്. ഉച്ചഭക്ഷണ പൊതികള്‍ക്ക് പുറമെ പ്രാദേശിക നിരക്കില്‍ രാവിലെയും രാത്രിയിലും ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്തുവരുന്നു.

Share
അഭിപ്രായം എഴുതാം