ഇന്ത്യയിലെ ആദ്യ VSC അധിഷ്ഠിത HVDC സംവിധാനം, പവർഗ്രിഡ് പൂർണ്ണമായും കമ്മീഷൻ ചെയ്തു

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മോണോപോള്‍-1 (Monopole-I), ± 320 kV, 2000 മെഗാ വാട്ട് ശേഷിയുള്ള, പുഗലൂര്‍ (തമിഴ്നാട്) – തൃശൂര്‍ (കേരളം), വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ (Voltage Source Convertor -VSC) അധിഷ്ഠിത ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (High Voltage Direct Current – HVDC) പദ്ധതി കമ്മീഷന്‍ ചെയ്തു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ഊര്‍ജ്ജ വ്യവസ്ഥയെ പദ്ധതി ശക്തിപ്പെടുത്തും. പദ്ധതിയുടെ മോണോപോള്‍-2 ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്തിരുന്നു. മോണോപോള്‍-1 കമ്മീഷന്‍ ചെയ്തതോടെ പദ്ധതി മുഴുവന്‍ ശേഷിയും കൈവരിച്ചു.

5,070 കോടി രൂപ ചെലവ് വരുന്ന 6000 മെഗാവാട്ട് റായ്ഗഡ്-പുഗലൂര്‍-തൃശ്ശൂര്‍ HVDC സംവിധാനത്തിന്റെ ഭാഗമായ പുഗലൂര്‍-തൃശ്ശൂര്‍ HVDC സംവിധാനത്തിലൂടെ VSC HVDC തൃശൂര്‍ സ്റ്റേഷന്‍ വഴി 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ സാധിക്കും.

ഈ പദ്ധതിയിലൂടെ ആദ്യമായി അത്യാധുനിക VSC സാങ്കേതിക വിദ്യ പവര്‍ഗ്രിഡ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. പരമ്പരാഗത HVDC സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ VSC സാങ്കേതികവിദ്യ ഭൂമിഏറ്റെടുക്കല്‍ ഗണ്യമായി കുറയ്ക്കുന്നു. ഇത് സ്മാര്‍ട്ട് ഗ്രിഡിന്റെ വികസനം സുഗമമാക്കുകയും വിവിധ ഓപ്പറേറ്റിംഗ് സാഹചര്യങ്ങളില്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ലൈന്‍ വലിച്ചും ഭൂഗര്‍ഭ കേബിളിട്ടുമുള്ള സംയോജിത സംവിധാനത്തിലൂടെ കേരളത്തിലെ വിതരണ ഇടനാഴി മെച്ചപ്പെടുത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ഇന്ത്യയിലെ ഫാക്ടറികള്‍ പ്രധാന HVDC ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതു വഴി പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കും ഇത് വലിയ ഊര്‍ജ്ജം പകരുന്നു. പ്രധാനമന്ത്രിയുടെ ”ആത്മ നിര്‍ഭര്‍ ഭാരത്” കാഴ്ചപ്പാടിന് അനുസൃതമായി VSC പദ്ധതിയുടെ രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, ടെസ്റ്റിംഗ്, കമ്മീഷണിങ് തുടങ്ങിയവയുടെ വലിയ പങ്കും ഇന്ത്യയിലാണ് നടന്നത്.

Share
അഭിപ്രായം എഴുതാം