കോവിഡ്‌ രണ്ടാം തരംഗം : കൂടുതൽ ബാധിച്ചത്‌ ചെറുപ്പക്കാരെ

കോവിഡ് രണ്ടാം തരംഗത്തിൽ 21 മുതൽ 30 വയസ്സ് വരെയുള്ളവരിലാണ് കൂടുതൽ രോഗവ്യാപനമുണ്ടായതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. ഈ പ്രായത്തിലുള്ള 2,61,232 പേർക്ക് രോഗം ബാധിച്ചു. 31 മുതൽ 40 വയസ്സുവരെയുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ്സുവരെയുള്ള 2,33,126 പേരും രോഗബാധിതരായി.


രണ്ടാം വ്യാപനം കൂടുതലായും ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ് ബാധിച്ചത്. മരണനിരക്ക് കൂടുതൽ 81 മുതൽ 90 വയസ്സുവരെയുള്ളവരിലാണ്, 2.93 ശതമാനം. ഈ പ്രായക്കാരിൽ 17,105 പേർക്ക് രോഗം ബാധിച്ചു, 502 പേർ മരിച്ചു. 71 മുതൽ 80 വയസ്സുവരെയുള്ളവരിൽ മരണനിരക്ക് 1.94 ശതമാനവും 91 മുതൽ 100 വയസ്സുവരെയുള്ളവരിൽ 1.55 ശതമാനവുമാണ്.


ചെറുപ്പക്കാരിലെ മരണനിരക്ക് രണ്ടാം തരംഗത്തിൽ കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരണ നിരക്ക് കൂടുതൽ പ്രായാധിക്യമുള്ളവരിലും പ്രമേഹം, ഉയർന്ന രക്തസമ്മർദം, ക്യാൻസർ, ഹൃദ്രോഗം, വൃക്കരോഗം, തൈറോയ്ഡ് എന്നീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി പറഞ്ഞു. ഐ ബി സതീഷിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

Share
അഭിപ്രായം എഴുതാം