തൃശ്ശൂർ: അശരണരായ വൃദ്ധ സഹോദരികള്‍ക്ക് ആശ്രയമായി മാള ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ: ആരും സഹായിക്കാനില്ലാതെ ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ തളര്‍ന്നുപോയ രണ്ട് വൃദ്ധ സഹോദരികള്‍ക്ക് ആശ്രയമായി മാള ഗ്രാമപഞ്ചായത്ത്. പത്താം വാര്‍ഡ് കോട്ടമുറിയില്‍ താമസിക്കുന്ന വലിയവീട്ടില്‍ ഖദീജ, റുഖിയ എന്നീ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ വൃദ്ധ സഹോദരികള്‍ക്കാണ് പഞ്ചായത്തും ഹെല്‍പ് ഡെസ്‌ക്കും തുണയായത്. അവിവാഹിതരായ ഇവരെ കൂടെനിന്ന് സഹായിക്കാന്‍ സഹോദരങ്ങളോ മറ്റ് ബന്ധുക്കളോ ഇല്ല. ആരും നോക്കാനില്ലാത്ത ഇവര്‍ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം താങ്ങും തണലുമായി ജീവിക്കുകയായിരുന്നു.

ഇവരുടെ മേലാകെ തടിച്ചു പൊന്തി ചോരപൊടിയുന്ന അസുഖവുമുണ്ട്. പ്രായത്തിന്റെതായ കാഴ്ചക്കുറവും കേള്‍വിക്കുറവും ഓര്‍മ്മപ്പിശകുമെല്ലാം ഇവര്‍ക്കുണ്ട്. ആശുപത്രിയില്‍ പോയി ചികിത്സിക്കാനുള്ള സാഹചര്യം ഇർക്കില്ല. ഇത് വിവരം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകും ഹെല്‍പ് ഡെസ്ക് സംഘവും ഇവരുടെ വീട്ടില്‍ എത്തി വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ശേഷം ഇവരെ മാള സി എച്ച് സി യിലേക്ക് മാറ്റുകയും ചെയ്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാള പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക് അംഗങ്ങളാണ് ഖദീജയും റുഖിയയ്ക്കും ആശ്വാസമായത്. ഹെല്‍പ് ഡെസ്‌ക് ആംബുലന്‍സില്‍ രാത്രിയില്‍ തന്നെ ആശുപത്രിയിലെത്തിച്ച ഇവരെ  മാള സി എച്ച് സി സൂപ്രണ്ട് ആശാ സേവ്യര്‍ പരിശോധിക്കുകയും ആദ്യപടിയായി വേണ്ട മരുന്ന് നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ചികിത്സയും സംരക്ഷണവും ഇപ്പോള്‍ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുകയാണ്. മാള സി എച്ച് സിയിലെ വനിതാ വാര്‍ഡിലാണ് ഇവരിപ്പോഴുള്ളത്. ഖദീജയുടെയും റുഖിയയുടേയും ചികിത്സാ ചെലവ് ബ്ലോക്ക് പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്ക് ഏറ്റെടുത്തു. ഭക്ഷണം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഇപ്പോള്‍ നല്‍കുന്നു.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്റെ നേതൃത്വത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജു മാടമ്പിള്ളി, യൂത്ത് കോര്‍ഡിനേറ്റര്‍ എം എസ് അഭിജിത്ത്, ആര്‍ ആര്‍ ടി വളണ്ടിയര്‍ ഹരികൃഷ്ണന്‍, മിഥുന്‍ പിവി, വിഷ്ണു, അഭിജിത്ത്, ആംബുലന്‍സ് ഡ്രൈവര്‍ സാജിദ് എന്നിവരാണ് ഈ സഹായത്തിന് നിറഞ്ഞ മനസുമായി കൂടെ നിന്നത്.

ആരും സഹായത്തിനില്ലാത്ത ഈ വൃദ്ധസഹോദരങ്ങളുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ പറഞ്ഞു. കൊരട്ടിയിലുള്ള ഗവ ത്വക്ക് രോഗശുപത്രിയിലേക്ക് തുടര്‍ ചികിത്സക്കായി ഇവരെകൊണ്ട് പോകാനാണ് തീരുമാനം. പ്രായമുള്ള ഇവരുടെ തുടര്‍ന്നുള്ള സംരക്ഷണത്തെക്കുറിച്ച് വേണ്ടപ്പെട്ട ബന്ധുക്കളുമായി സംസാരിച്ചശേഷം അനുയോജ്യമായ തീരുമാനമെടുക്കും. ആരുമില്ലാത്ത ഇവരെ ഇനിയും ഒറ്റക്ക് താമസിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സഹായത്തിനായി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം