ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപകടകരമായ ജൈവശാസ്ത്ര ഗവേഷണം നടത്തുന്ന ലബോറട്ടറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്ര ലോകം. ഇത്തരം ലാബുകളില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുന്നത് മറ്റൊരു ആഗോള മഹാമാരിയ്ക്ക് കാരണമാവുമെന്ന ഭയമാണ് ഇപ്പോഴുള്ളത്. വുഹാന്‍ ലാബില്‍ നിന്നാണ് കൊവിഡ് വൈറസ് ലോകത്ത് പടര്‍ന്നതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, ഇന്ത്യ, ഗാബണ്‍, കോട്ട് ഡി എന്നിവയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ 59 പരമാവധി ബയോ സേഫ്റ്റി ലെവല്‍ 4 (ബിഎസ്എല്‍ -4) ലാബുകള്‍ നിലവില്‍ വരാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.സുരക്ഷിതമായ അന്തരീക്ഷത്തില്‍, അറിയപ്പെടുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റവും അപകടകരമായ ബാക്ടീരിയകളോടും വൈറസുകളോടും കൂടെ പ്രവര്‍ത്തിക്കാന്‍ ഗവേഷകരെയും ശാസ്ത്രജ്ഞരെയും അനുവദിക്കുക എന്ന നിര്‍ദ്ദിഷ്ട ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് പരമാവധി-നിയന്ത്രണ ലബോറട്ടറികള്‍(മാക്‌സ് ലാബുകള്‍). എന്നാല്‍ ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ ഉള്ളതുക്കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ ഇവയെ കുറിച്ച് വെളിപ്പെടുത്താന്‍ രാജ്യങ്ങള്‍ തയ്യാറല്ല.മാത്രമല്ല, ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങളൊന്നുമില്ലെന്നും ഗവേഷകരായ ഗ്രിഗറി ഡി കോബ്ലെന്റ്‌സും ഫിലിപ്പ ലെന്റ്‌സോസും ആഗോള ബയോ ലാബുകളുടെ വെബ്സൈറ്റില്‍ പറയുന്നു.
നിലവില്‍ ലോകത്തുള്ള ഇത്തരം ലാബുകളില്‍ നാലിലൊന്ന് മാത്രമാണ് ബയോ സേഫ്റ്റി, ബയോസെക്യൂരിറ്റി എന്നിവയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ചിലര്‍ ലാബുകള്‍ക്ക് ഇരട്ട ഉപയോഗ നയങ്ങളുണ്ടെന്നും ഗവേഷകര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഈ ലാബുകള്‍ ഉപയോഗിക്കുന്നുവെന്നും പുതിയ അന്താരാഷ്ട്ര ബയോറിസ്‌ക് മാനേജുമെന്റ് നിലവാരത്തിലേക്ക് ലാബുകളൊന്നും ഇതുവരെ എത്തിയിട്ടില്ലെന്നുമാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ പോലും പറയുന്നത്.
ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കോവിഡ് -19 വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഔദ്യോഗികമായി വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ഒരു മാസം മുമ്പാണ്, 2019 നവംബറില്‍ ലാബില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ രോഗം പിടിപെട്ടതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കൊവിഡ് ജൈവായുധമാണോയെന്ന സംശയവും ബലപ്പെടുകയാണ്.