ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗം കടുത്തതോടെ മേയില്‍ മാത്രം രാജ്യത്ത് ഒന്നര കോടിപേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണു പുതിയ കണക്കുകള്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നഗരമേഖലകളില്‍ തൊഴില്‍ നഷ്ടമായവരുടെ എണ്ണം 18 ശതമാനമായി. ഒരുൃ വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2021 ഏപ്രിലില്‍ രാജ്യത്ത് തൊഴിലാളികളുടെ എണ്ണം 39.08 കോടി ആയിരുന്നത് മേയില്‍ 37.55 കോടയായി. തൊഴില്‍ നഷ്ടം 1.53 കോടി. അതായത് 3.9 ശതമാനം പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടമായി.
കൊവിഡ് തൊഴില്‍ മേഖലയിലുണ്ടാക്കിയ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. കൊവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപന ശേഷം മാത്രം ഇത് വരെ 23 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണുകള്‍ കടുത്തതോടെ ചെറുകിട- ഇടത്തര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും സ്വയം തൊഴില്‍ സാധ്യമല്ലാതായതുമാണ് കണക്കുകള്‍ പെരുകാന്‍ കാരണം.