തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പ്രിയങ്ക 31/05/21 തിങ്കളാഴ്ച പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകള്‍, വഹിച്ചതും നന്ദകുമാറായിരുന്നു. കുറച്ചുഫണ്ടാണ് നല്‍കിയത്. വലിയ രീതിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളൊന്നും താന്‍ നടത്തിയിട്ടില്ല.
നന്ദകുമാറാണ് ഇഎംസിസി ഷിജു വര്‍ഗീസിനെ പരിചയപ്പെടുത്തി തന്നതെന്നും പ്രിയങ്ക പറഞ്ഞു. മന്ത്രി മേഴ്‌സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. തനിക്ക് ഒന്നും ഒളിപ്പിക്കാനില്ല. ഷിജു വര്‍ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാര്‍ത്തകളിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. നന്ദകുമാര്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഇഎംസിസി ബോംബാക്രമണ കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രിയങ്ക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഇഎംസിസി ബോംബാക്രമണകേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ വാഹനത്തിനുനേരെ, ഗൂഢാലോചനയുടെ ഭാഗമായി സ്വന്തം കൂട്ടാളികള്‍ തന്നെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ആയിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.