കേരളം ലക്ഷദ്വീപിനൊപ്പം ; അഡ്മിനിസ്‌ട്രേറ്റർക്കെതിരെ രൂക്ഷ വിമർശനവുമായി നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടും കേരള നിയമ സഭയില്‍ ഐകകണ്ഡേന പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്‍രെ ഭേദഗതികളും കൂടി പരിഗണിച്ചാണ് 31/05/21 തിങ്കളാഴ്ച പ്രമേയം പാസാക്കിയത്.

അഡമിനിസ്‌ട്രേറ്രറുടെ മുഴുവന്‍ നടപടികളും റദ്ദാക്കണമെന്ന ആവശ്യം കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതും കൂടി ഉള്‍പ്പെടുത്തിയാണ് പ്രമേയം പാസായിരിക്കുന്നത്. പ്രമേയത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പൂര്‍ണമായി അംഗീകരിച്ചു.

മുഖ്യമന്ത്രിയുടെ പ്രമേയ പ്രസംഗത്തിന്റെ പൂർണ രൂപം:

‘സാംസ്‌കാരികമായ ലക്ഷദ്വീപിലെ സവിശേഷതകള്‍ക്കും അവിടത്തെ തനത് ജീവിത രീതികള്‍ക്കും മേല്‍ കടന്നു കയറുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ലോകത്തിന്റെ പലഭാഗങ്ങളിലും ജനതയുടെ ജീവിതസവിശേഷതകള്‍ തകര്‍ക്കപ്പെടുന്ന പരിശ്രമങ്ങള്‍ നടന്നിടത്തെല്ലാം ശക്തമായ ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടില്‍ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങള്‍ പലയിടത്തുമുണ്ട്. അത് പാഠമാവണം.

അത്തരം ഹീനമായ പ്രവൃത്തികള്‍ ഇന്ത്യയില്‍ ഉണ്ടാവരുത്. രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠയുളവാക്കുന്നു. അത് ഇരുളടഞ്ഞതായിപ്പോവുമെന്ന ആശങ്ക ഇന്ത്യന്‍ ജനതയുടെയാകെ മനസ്സില്‍ ഉയരുന്നു. കേരളം ആ ആശങ്ക പങ്കുവെക്കുന്നു. കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോളും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാസംകാരിക തനിമയ്ക്ക് മേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് തീര്‍ത്തും അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരോരുത്തലും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടാണ്.

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണ ശാലയായാണ് കാണേണ്ടത്. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്കനുയോജ്യമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഉപജീവനമാര്‍ഗം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവര്‍ സ്വീകരിച്ചു വരുന്നു. ഒരു ജനതയെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ന്നു വരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പ്പിനാവശ്യമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിനു വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്ന പ്രമേയം ഈ സഭ ഐകകണ്‌ഠേന പാസാക്കണമെന്ന് ആവശ്യപ്പെടുന്നു.’

Share
അഭിപ്രായം എഴുതാം