ന്യൂഡൽഹി: വിവാദ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്. ദൃശ്യങ്ങളിൽ കണ്ണിനും കൈകളിലും പരുക്കേറ്റ നിലയിലാണ്. ഡൊമിനിക്കയിലെ ജയിലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോക്‌സിയുടെ അഭിഭാഷകൻ 29/05/21 ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയത്.
ജയിലിൽ കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നും കൈക്ക് പരുക്കേറ്റിട്ടുണ്ടെന്നും അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് ബലമായാണ് മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നതെന്നും അഗർവാൾ പറയുന്നു. നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് മെഹുൽ ചോക്‌സി ആന്റിഗ്വയിലേക്ക് കടന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ആന്റിഗ്വയിലായിരുന്നു. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.