ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കയറൂ അത് കഴിഞ്ഞ് മറ്റുള്ളവരെ സ്വാഗതം ചെയ്യാമെന്നും ആയിരുന്നു ഫേസ്ബുക്കിലൂടെ ഷിബുവിന്റെ പ്രതികരണം.

‘ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.’
ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബു ആര്‍എസ്പിയില്‍ നിന്നും അവധി പ്രഖ്യാപിച്ചതിന് പിന്നാലെ 29/05/21 ശനിയാഴ്ചയായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം. അദ്ദേഹത്തെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കിയിരുന്നു. എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പിക്ക് ഇനി യുഡിഎഫില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്പി ശക്തമായ പാര്‍ട്ടിയായി നിലനില്‍ക്കേണ്ടതുണ്ടെന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു.

ഇടത് മുന്നണിയോടൊപ്പമാണ് കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റ്. ആര്‍എസ്പിക്ക് നിയമസഭയില്‍ അംഗങ്ങളില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം