ഷിബു ബേബി ജോണ്‍ ആർ എസ് പി യിൽ നിന്നും അവധിയെടുത്തു; യു ഡി എഫ് ഗോഗത്തിൽ പങ്കെടുത്തില്ല

കൊല്ലം: ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ അവധിയില്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് അവധിയെടുത്തത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് അവധിയെടുത്തതിന് പിന്നിലെന്നാണ് സൂചന.

28/05/21 വെളളിയാഴ്ച നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല. തന്റെ അവധി സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ഷിബു ബോബി ജോണ്‍ തയ്യാറായില്ല. യുഡിഎഫ് നേതൃത്തോട് മാത്രമല്ല, മറിച്ച് പാര്‍ട്ടി നേതൃത്വത്തോടും അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ വ്യക്തിയാണ് ഷിബു ബേബി ജോണ്‍. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നേതൃത്വം കാര്യമായെടുക്കാത്തതിലെ അതൃപ്തിയും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരത്ത് ഉണ്ടായിട്ട് പോലും അദ്ദേഹം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്തത് രാഷ്ട്രീയ ഇടങ്ങളില്‍ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യുഡിഎഫിനെ വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്? മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്. അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം