ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
സുപ്രീം കോടതി അഭിഭാഷകയായ മമത ശർമയാണ് ഹർജി നൽകിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ച കോടതി, കേന്ദ്ര സർക്കാർ, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എതിർ കക്ഷികൾക്ക് ഹർജിയുടെ പകർപ്പ് മുൻകൂറായി നൽകാൻ നിർദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് ഭൂരിപക്ഷം വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഇതിനെ മിക്ക സംസ്ഥാന സർക്കാരുകളും പിന്തുണച്ചിരുന്നു. എന്നാൽ, പരീക്ഷ റദ്ദാക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരും സിബിഎസ്ഇയും വ്യക്തമാക്കിയിരുന്നത്.