ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്‌ : മൂന്നുപേര്‍ക്കെതിരെ കേസ്‌

ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ്‌. ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ എഞ്ചിനീയര്‍ മുതല്‍ പല തസ്‌തികകളില്‍ ജോലി നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ മുളക്കുഴ മുന്‍ പഞ്ചായത്തംഗവും ബിജെപി നേതാവുമായ സനു എന്‍ നായരാണ്‌ കേസില്‍ ഒന്നാം പ്രതി. ബുധനൂര്‍ സ്വദേശി രാജേഷ്‌ കുമാര്‍, എറണാകുളം വൈറ്റില സ്വദേശി ലെനിന്‍ മാത്യു എന്നിവരാണ്‌ രണ്ടും മൂന്നും പ്രതികള്‍

ഇതുവരെ 9 പരാതികളാണ്‌ ചെങ്ങന്നൂര്‍ പോലീസിന്‌ ലഭിച്ചിട്ടുളളത്‌. ഇതില്‍ പത്തനംതിട്ട കല്ലറക്കടവി സ്വദേശിയുടെ പരാതിയില്‍ പറയുന്നത്‌ എഫ്‌സിഐയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ 2019 ഒക്ടോബറില്‍ 10 ലക്ഷം രൂപ വാങ്ങിയെന്നാണ്‌. മൂന്നാംപ്രതി ലെനിന്‍മാത്യു എഫിസിഐ ബോര്‍ഡംഗമാണെന്ന്‌ വിശ്വസിപ്പിച്ച്‌ എഫ്‌സിഐയുടെ ബോര്‍ഡ്‌ വച്ച കാറില്‍ വന്നിറങ്ങിയാണ് പണം കൈപ്പറ്റിയത്‌ എന്നാണ്‌.

തുടര്‍ന്ന്‌ 2020 മെയ്‌ മാസത്തില്‍ 10 ലക്ഷംരൂപകൂടി വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവ്‌ നല്‍കുകയും ചെയ്‌തു. ഇതേരീതിയില്‍ 10 ലക്ഷംമുതല്‍ 35 ലക്ഷം രൂപ വരെ പലഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി പ്രതികള്‍ വാങ്ങിയിട്ടുണ്ട്‌. ജോലിക്കുളള അഭിമുഖത്തിനെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ എഫ്‌സിഐ ഓഫീസുകള്‍ക്ക്‌ സമീപം ദിവസങ്ങളോളം താമസിപ്പിക്കുകയും അതിനുശേഷം പണവുമായി മുങ്ങുകയുമാണ്‌ സനുവിന്റെ രീതിയെന്ന്‌ പോലീസ്‌ പറഞ്ഞു. സനു ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരീക്കര ബ്ലോക്ക ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

Share
അഭിപ്രായം എഴുതാം