കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്

ഭോപ്പാല്‍: കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഭോപ്പാല്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സുമിത് പച്ചൗരി, ബിജെപി എംഎല്‍എമാരായ വിശ്വാസ് സാരംഗ്, രാമേശ്വര്‍ ശര്‍മ്മ എന്നിവരുടെ പരാതിയിലാണ് നടപടി. കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ല, കോവിഡ് മരണ കണക്കുകളില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുകയാണ് എന്നീ ആരോപണങ്ങള്‍ ആയിരുന്നു തന്റെ പ്രസംഗത്തിലൂടെ കമല്‍നാഥ് ഉന്നയിച്ചിരുന്നത്.

ശനിയാഴ്ച ഉജ്ജയിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ സഹിതമാണ് പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.

Share
അഭിപ്രായം എഴുതാം