ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ പരിചരിച്ച നഴ്‌സ്‌ മക്‌ഗി ജോലി രാജി വച്ചു

ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ കോവിഡ്‌ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ മികച്ച പരിചരണം നല്‍കിയതിലൂടെ പ്രശസ്‌തയായ നഴ്‌സ്‌ ജെന്നി മക്‌ഗി ജോലി രാജിവച്ചു. ഒരുവര്‍ഷം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാര്‍ ജോലി രാജി വയ്‌ക്കുകയാണെന്ന് അവര്‍ പറഞ്ഞു. രോഗമുക്തനായി ആശുപത്രി വിടുമ്പോള്‍ ന്യൂസിലന്‍ഡുകാരിയായ മക്‌ഗിയും സഹപ്രവര്‍ത്തകരും നല്‍കിയ പരിചരണത്തെ പ്രധാനമന്ത്രി മുക്തകണ്‌ഠം പ്രശംസിച്ചിരുന്നു.

എന്നാല്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക്‌ അടുത്തിട സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുശതമാനം ശമ്പള വര്‍ദ്ധനയില്‍ പ്രകോപിതയായാണ്‌ അവര്‍ രാജിക്ക്‌ സന്നദ്ധയായത്‌. ഇത്രയും ചെറിയ തുക വര്‍ദ്ധിപ്പിച്ചത്‌ അപമാനിക്കലാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മക്‌ഗി ജോലി നിര്‍ത്തി ന്യൂസിലാന്‍ഡിലേക്ക്‌ മടങ്ങുകയാണെന്ന്‌ അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ്‌ ആശുപത്രിയിലായിരുന്നു ഇവര്‍ ജോലി ചെയ്‌തിരുന്നത്‌. രോഗികള്‍ കൂടുകയാണെന്നും തന്റെ ആരോഗ്യം ക്ഷയിച്ചെന്നും മക്‌ഗി പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം