കാസർകോട്: സാന്ത്വനമേകാന്‍ ‘മാഷ്’ ഉണ്ട് വേറിട്ട ബോധവത്ക്കരണ പദ്ധതികളുമായി മാഷ് പദ്ധതി അധ്യാപകര്‍

കാസർകോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് ബാധിതരായും നിരീക്ഷണത്തിലും വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് കാതോര്‍ക്കാനൊരുങ്ങി ജില്ലയിലെ മാഷ് പദ്ധതി പ്രവര്‍ത്തകര്‍. വലിയ പറമ്പ് പഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതി മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. നിലവില്‍ പള്ളിക്കര പഞ്ചായത്തിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഒരു വാര്‍ഡില്‍ അഞ്ച് അധ്യാപകര്‍ എന്ന കണക്കില്‍ ജില്ലയിലെ 777 വാര്‍ഡുകളിലും മാഷ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാണ്. 

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബുവിന്റെ ആശയത്തില്‍ ആരംഭിച്ച മാഷ് പദ്ധതി കളക്ടര്‍ ചെയര്‍മാനായ ജില്ലാതല ഐ.ഇ.സി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ഡി.ഡി.ഇ കെ.വി പുഷ്പ, തുടങ്ങിയവര്‍ പദ്ധതി ഏകോപിപ്പിക്കുന്നു. 

വാര്‍ഡുകളില്‍ ചുമതലയുള്ള അധ്യാപകരാണ് അതാത് വാര്‍ഡുകളിലെ ജനങ്ങളുടെ ആശങ്കകള്‍ കേട്ട് ആശ്വാസമേകുക. ജില്ലയില്‍ ആകെ 1880 അധ്യാപകരാണ് മാഷ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇതോടൊപ്പം പുതിയതായി പദ്ധതിയുടെ ഭാഗമാകാന്‍ 703 അധ്യാപകര്‍ കൂടി എത്തിയിട്ടുണ്ടെന്നും മാഷ് പദ്ധതി ജില്ലാ ലെയ്സണ്‍ ഓഫീസര്‍ പി.സി വിദ്യ ടീച്ചര്‍ അറിയിച്ചു. 

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡു തലത്തില്‍ ജാഗ്രത സമിതികള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവരുമായി ചേര്‍ന്നാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തില്‍ ജില്ലയില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ച മാഷ് പദ്ധതി അധ്യാപകരാണ് രണ്ടാം തരംഗത്തിലും പ്രാദേശീകതലത്തില്‍ സജീവമായിരിക്കുന്നത്. ഓരോ വാര്‍ഡിലും ജാഗ്രതസമിതി ശക്തിപ്പെടുത്താനും അതിനായി ആ വാര്‍ഡിന്റെ ചുമതലയുള്ള ടീച്ചര്‍മാര്‍ വാര്‍ഡ്  മെംബര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് ഒരു കൂട്ടായ്മ ഉണ്ടാക്കാനും മീറ്റിങ്ങുകള്‍ നടത്താനും മാഷ് കോഡിനേറ്റര്‍മാരുടെ അവലോകന യോഗത്തില്‍ തീരുമാനിച്ചു. 

മൈക്രോ ക്ലസ്റ്റര്‍ രൂപീകരിക്കും

ഓരോ വാര്‍ഡിനേയും 20 ഓ 30 ഓ വിടുകള്‍ ഉള്‍പ്പെടുന്ന മൈക്രോ ക്ലസ്റ്ററുകള്‍ ആയി വിഭജിക്കാനും ഓരോ മൈക്രോ ക്ലസ്റ്റര്‍ നും രണ്ട് കെയര്‍ ടേക്കര്‍ എന്ന കണക്കില്‍ ചുമതല നല്‍കാനും തീരുമാനിച്ചു. കെയര്‍ ടേക്കര്‍മാരെ ജാഗ്രത സമിതിയില്‍ നിന്നാണ് തിരഞ്ഞെടുക്കുക. ഇവര്‍ ക്വാറന്റൈന്‍, പോസിറ്റീവ് ആയവര്‍ എന്നിവരെ നിരീക്ഷിക്കുകയും ശാരീരിക ആസ്വാസ്ഥ്യം ഉള്ളവരെ ടെസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണ്ട മറ്റു സഹായങ്ങള്‍ നല്‍കുകയും ചെയ്യും.  ഈ കെയര്‍ ടേക്കര്‍മാര്‍ അവരുടെ മൈക്രോ ക്ലസ്റ്റര്‍ തല ഡെയിലി റിപ്പോര്‍ട്ടുകള്‍ ആ വാര്‍ഡില്‍ ഡ്യൂട്ടിയുള്ള ടീച്ചേഴ്‌സിനെ അറിയിക്കും. വാര്‍ഡില്‍ ഡ്യൂട്ടിയുള്ള ടീച്ചര്‍മാര്‍ കെയര്‍ ടേക്കഴ്‌സുമായും ജാഗ്രതസമിതിയുമായും നിരന്തരം ബന്ധപ്പെടുകയും തങ്ങളുടെ വാര്‍ഡിലെ ഡെയിലി പോസിറ്റീവ് കേസുകളുടെ കണക്ക് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്ക് യഥാസമയം നല്‍കുകയും ചെയ്യും.

പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്ക് വാര്‍ഡിലെ രണ്ടാഴ്ചയിലെ കോവിഡ് പോസിറ്റീവ് ഗ്രാഫ് തയ്യാറാക്കാനും അതനുസരിച്ചു ആവശ്യമായ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും ഇതു വഴി സാധിക്കും. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഒരുക്കും ഓരോ പഞ്ചായത്തിലും സന്നദ്ധരായ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ഒരു റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് രൂപീകരിക്കും. എവിടെയാണോ എപ്പോഴാണോ ഇവരുടെ സഹായം ആവശ്യം വരിക അവിടെ എത്രയും (സി.എഫ്.എല്‍.ടി.സി കളില്‍, രക്തദാനം, മറ്റു അത്യാവശ്യ ഘട്ടങ്ങളില്‍) പെട്ടെന്ന് എത്തി വേണ്ട സഹായം ലഭ്യമാക്കും.

ട്രാഫിക്ക് മാഷ്

ഓരോ പഞ്ചായത്തിന്റെയും ജനങ്ങള്‍ കൂടാന്‍ സാധ്യതയുള്ള പ്രധാന ജംഗ്ഷനുകളില്‍ നിരീക്ഷണത്തിനായി അധ്യാപകര്‍ക്ക് ചുമതല നല്‍കി. പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പിഴ ചുമത്തും.  

ഇതോടൊപ്പം മാഷ് റേഡിയോ, മാഷ് വണ്ടി, മാഷ് ബുള്ളറ്റിന്‍ തുടങ്ങിയ വേറിട്ട ബോധവത്ക്കരണ രീതികളും മാഷ് പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. മാഷ് പദ്ധതിയിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കൃത്യമായ പരിഹാരം കാണുന്നുണ്ട്. 

Share
അഭിപ്രായം എഴുതാം