മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; ജാഗ്രത പാലിക്കണം : കെഎസ്‌ഇബി

തിരുവനന്തപുരം:ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങൾ മറിഞ്ഞുവീണ്‌ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെഎസ്‌ഇബി. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടനെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കണം.

ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കാറ്റിലും മഴയിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടേജുള്ള ലൈനുകൾക്കു വരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി.

കോവിഡ് മഹാമാരിയുടെ കാലത്തും കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. ചിലയിടങ്ങളിൽ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്തു.

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുകയെന്നും കെഎസ്‌ഇബി അറിയിച്ചു .

Share
അഭിപ്രായം എഴുതാം