പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 630 പള്‍സ് ഓക്‌സീ മീറ്റര്‍ വിതരണം ചെയ്യും

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലേയും വാര്‍ഡുകളിലേക്കായി 630 പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങി വിതരണം ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള അറിയിച്ചു.  ഗ്രാമപഞ്ചായത്തുകളുടെ ഓരോ വാര്‍ഡിലും നാല് പള്‍സ് ഓക്‌സീ മീറ്റര്‍ വീതമാണു വിതരണം നടത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്കിന്റെ പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ക്കും ഒരോ ആംബുലന്‍സുകള്‍ വീതം മാസവാടകയ്ക്ക് എടുത്തുനല്‍കാനും ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ഇതിന് ക്വട്ടേഷന്‍ ഉടന്‍ ക്ഷണിക്കും.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമ പഞ്ചായത്തിലെയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ച് വരുന്നു. ഈ വാട്‌സാപ്പ് ഗ്രൂപ്പ് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഏകോപനം ഉറപ്പാക്കുന്നതിനും ഉപകരിക്കുന്നു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ന്മാര്‍ തങ്ങളുടെ ഡിവിഷന്‍  പരിധിയിലെ കോവിഡ് ജാഗ്രതാ സമിതികളില്‍ സജ്ജീവമായി പങ്കെടുത്തു വരുന്നു. ഇവര്‍ സാമൂഹ്യ അടുക്കള, ജനകീയ ഹോട്ടലുകള്‍ എന്നിവയിലൂടെ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നു. വാര്‍ഡ്തല സമിതികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീവമായി ഇടപെട്ടുവരുന്നു.  ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സജ്ജീകരിക്കുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നതായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ പിപി കിറ്റ്, മാസ്‌ക്ക് എന്നിവ ബ്ലോക്ക് പഞ്ചായത്ത് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →