തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ്സിൽ പുതിയ പോർമുഖം തുറക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംയുക്ത നീക്കം നടത്തുന്നതായാണ് സൂചന.
തോല്‍വിയെ കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്റ് രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു, ഇതിനിടയിലാണ് കെ സി വേണുഗോപാലിനെതിരായ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഉത്തരവാദി കെ സി വേണുഗോപാലാണ് എന്നാണ് ഇരുഗ്രൂപ്പുകളുടെയും ആക്ഷേപം.
കെ സി വേണുഗോപാലിനെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിനോട് നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോർടുണ്ട്. എഐസിസി ചുമതല ഉപയോഗിച്ച് കേരളത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന ഗുരുതര ആരോപണമാണ് വേണുഗോപാലിനെതിരെ എ, ഐ ഗ്രൂപ്പുകൾ ഉന്നയിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിക്കാനും സ്വന്തം പേരില്‍ ഗ്രൂപ്പുണ്ടാക്കാനും കെ സി വേണുഗോപാലിന് വ്യക്തിപരമായ താത്പര്യമുണ്ടായിരുന്നൂവെന്നും കണ്ണൂരിലെ ഇരിക്കൂറില്‍ അടക്കം പല ജില്ലകളിലും ഇതിന്റെ പേരിലാണ് വലിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും ആരോപിക്കപ്പെടുന്നു.
അതേസമയം; കേരളത്തിലേക്ക് ഹൈക്കമാൻഡ് നിർദേശിക്കുന്ന നിരീക്ഷണസമിതി നേരിട്ടെത്തി തോൽവി വിലയിരുത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരളഘടകത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന എഐസിസി നൽകുന്നുണ്ട്.