ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.

രാവില ആറു മണി മുതല്‍ വൈകുന്നേരം 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. അന്തര്‍ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.

ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ പോകാം. റെയില്‍വേ, വിമാനയാത്രക്കാരും രേഖകള്‍ കൈവശം വയ്ക്കണം. റെയില്‍വേ, വിമാനത്താവളങ്ങളില്‍ ഓട്ടോ, ടാക്‌സി സൗകര്യങ്ങള്‍ ലഭ്യമാകും.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചെറിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വിവാഹത്തിന് 30 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ച രണ്ടു മണി വരെ മാത്രം.

ചരക്കുവാഹനങ്ങള്‍ തടയില്ല. സ്‌കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്ച(06/05/21) സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്.

മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി ജനം പുറത്തിറങ്ങിയാല്‍ പാന്‍ഡമിക് ആക്ട് കേസെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ ലോക് ഡൗണ്‍ അല്ലാതെ മറ്റുമാര്‍ഗങ്ങള്‍ അല്ലാതെന്ന വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനം അടച്ചിടുന്നത്.

Share
അഭിപ്രായം എഴുതാം