റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍, സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടറുടെ നിര്‍ദേശം

May 7, 2021 - 2:19 pm

ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത്. 07/05/21 വെളളിയാഴ്ച രാവിലെയാണ് സംഭവം.

യഥാസമയം ആംബുലന്‍സ് ലഭിക്കാതിരുന്നതിനാലാണ് ഇത്തരത്തില്‍ രോഗിയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ ക്വാറന്റീനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്കായി പഞ്ചായത്ത് പോളിടെക്നിക് വനിത ഹോസ്റ്റലില്‍ ഒരുക്കിയ താല്‍ക്കാലിക കോവിഡ് കെയര്‍ സെന്ററാണിത്.

ഇവിടെയുണ്ടായിരുന്ന പുറക്കാട് സ്വദേശിയായ യുവാവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. ഇക്കാര്യം അവിടെയുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ സമയമെടുക്കുമെന്നും മറ്റ് മാര്‍ഗങ്ങള്‍ നോക്കാനുമായിരുന്നു നിര്‍ദേശം.

രോഗിയുടെ ദയനീയ അവസ്ഥ കണക്കിലെടുത്താണ് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രോഗിയെ പിപിഇ കിറ്റ് ധരിപ്പിച്ച് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്.

ആംബുലന്‍സ് നല്‍കുന്ന കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കാണിച്ച അലംഭാവമാണ് ഇത്തരമൊരു നീക്കത്തിന് കാരണമായതെന്നാണ് ആരോപണം. എന്നാല്‍, അധികൃതരെ അറിയിക്കാതെയാണ് കോവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടുപോയതെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പ്രതികരിച്ചു. പുന്നപ്ര സെന്ററിലെ വോളണ്ടിയേഴ്‌സിനെയും വിവരം അറിയിച്ചിട്ടില്ല. ഒഴിവാക്കേണ്ട നടപടിയായിരുന്നെന്നും കളക്ടര്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *