മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്ത് ഒറ്റയാനായ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ പന്ധര്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുളള മഹാവികാസ് അഘാഡിയെ പരാജയപ്പെടുത്തി ബിജെപി. ഉദ്ദവ് താക്കറെയും ശരത് പവാറും നാനാപഠോളെയും ചേര്‍ന്ന് നിന്നയിടത്താണ് ഒറ്റയാനായ ദേവേന്ദ്ര ഫഡ്‌നാവിസ് വിജയിച്ചെത്തിയത്. അഘാടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഒന്നരവര്‍ഷമായിരിക്കെ നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി വിജയകൊടി നാട്ടിയിരിക്കുന്നത്.

അഘാടിക്ക് ഇത് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. എന്‍സിപിയുടെ കുത്തക മണ്ഡലമായ പന്ധര്‍പൂരില്‍ പാര്‍ട്ടി എംഎല്‍എ ഭരത് ഭാല്‍കെയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകന്‍ ഭഗീരഥ് ഭാല്‍ക്കെയെ സ്ഥാനാര്‍ത്ഥിയാക്കിയ എന്‌സിപി സഹതാപ തരംഗത്തിലും മഹാ വികാസ് അഘാടിയുടെ കരുത്തിലും വിശ്വസിച്ച് അനായാസം ജയിക്കാമെന്നാണ്
പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സമാധാന്‍ ഔത്താഡെയോടു മണ്ഡലം ചേര്‍ന്നുനിന്നു. 3733 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു ഔത്താഡെ

ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ നിയംസഭയില്‍ ബിജെപിയുടെ കക്ഷിനില 108 ആയി. എന്‍സിപിയുടെത് 53 ആയികുറഞ്ഞു. ശിവസേനക്ക് 56 ഉം, കോണ്‍ഗ്രസിന് 44ഉം സീറ്റുകളാണുളളത്. 153 എംഎല്‍എമാരുളള അഘാടിക്ക് സ്വതന്ത്രരും മറ്റുളളവരുമായി പത്തുപേരുടെ പിന്തുണയും ഉണ്ട്. ഒരംഗത്തെ അധികമായി ലഭിച്ചതുകൊണ്ട് ബിജെപിക്ക് പ്രത്യക്ഷത്തില്‍ കാര്യമായ നേട്ടമില്ലെങ്കിലും മഹാവികാസ് അഘാഡിയില്‍ ഞെട്ടലുണ്ടാക്കാന്‍ ഇത് ധാരാളമാണ്.

Share
അഭിപ്രായം എഴുതാം