തെരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തെിന്‌ പിന്നാലെ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ രാജി കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനം ചെയ്‌തിട്ടും ബിജെപിയും ആര്‍എസ്‌എസും കളിച്ച ഭിന്നിപ്പും,സാമുദായികമായ രാഷ്ട്രീയത്തെയും നേരിടാന്‍ തങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെന്ന്‌ ബോറ കത്തില്‍ പറയുന്നു. ഗോഹ്‌പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബോറയും ബിജെപിയുടെ തേരോട്ടത്തില്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ്‌ എംല്‍എ ഉത്‌പാല്‍ ബോറഡോട്‌ 29,294 വോട്ടുകള്‍ക്കാണ്‌ പരാജയപ്പെട്ടത്‌.

ആസാമില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡിഎ കേവല ഭൂരിപക്ഷം നേടി. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും 75 സീറ്റുകളില്‍ മേധാവിത്വം ഉണ്ട്‌. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 50 സീറ്റില്‍ മുന്‍തൂക്കമുണ്ട്‌. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ,ഹിമന്ത വിശ്വ ശര്‍മ എന്നിവരുടെ പേരുകളാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം