ഉത്തര്‍പ്രദേശ് : രാജ്യം സ്‌നേഹപൂര്‍വം ‘ഷൂട്ടര്‍ ദാദി’ എന്നുവിളിച്ച ചന്ദ്രോ തോമര്‍(89) കോവിഡ് ബാധിച്ച് മരിച്ചു. മീററ്റിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ഭഗ്പഥ് സ്വദേശിനിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ശക്തമായ സ്ത്രി സാന്നിധ്യമായിരുന്നു ഷൂട്ടര്‍ ദാദി.
ഒരാഴ്ചമുമ്പാണ് ചന്ദ്രോതോമറിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ രോഗ ബാധിതയായി ചികിത്സയിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 29.4.2021 ന് ആരോഗ്യാവസ്ഥ മോശമാവുകയും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു.
65-ാം വയസിലാണ് ചന്ദ്രോതോമര്‍ ആകസ്മികമായി ഷൂട്ടിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. ഷൂട്ടിംഗ് പരിശീലനത്തിന് പോയ ചെറുമകള്‍ക്കൊപ്പം കാഴ്ചക്കാരിയെന്ന നിലയില്‍ തോമര്‍ പോകുമായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരുദിവസം ചന്ദ്രോ ചെറുമകള്‍ക്ക് ആത്മ വിശ്വാസം പകര്‍ന്നു നല്‍കാനായി ഷൂട്ടിംഗ് ചെയ്തുനോക്കിയതാണ് .പലതവണ കൃത്യമായി ഷൂട്ടിംഗ് ചെയ്തതോടെ ചന്ദ്രോയ്ക്ക് ഇതില്‍ വാസനയുണ്ടെന്ന് പരിശീലകര്‍ തിരിച്ചറിഞ്ഞു. ഇതോടെ ചന്ദ്രോയും പരിശീലനം തുടങ്ങുകയായിരുന്നു.
കുടുംബത്തിന്റെ വിലക്കുകളും നാട്ടുകാരുടെ വിമര്‍ശനങ്ങളും എല്ലാം മറികടന്ന് അവര്‍ വാര്‍ദ്ധക്യത്തിലും ഉറച്ചുനിന്നു. ആ നിശ്ചയ ദാര്‍ഢ്യത്തിനുമുമ്പില്‍ എല്ലാ തടസങ്ങളും വഴിമാറി. മുപ്പതോളം ദേശീയ ചാമ്പ്യന്‍ഷിപ്പുകളാണ് അവര്‍ നേടിയത്. ഇതിന് പുറമേ നിരവധി നേട്ടങ്ങള്‍ വേറെയും. പിന്നീട് അവരുടെ സഹോദരി പ്രകാശ് തോമറും ഈ രംഗത്തേക്ക കടന്നുവന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്നവനിതാ ഷൂട്ടര്‍മാര്‍ എന്ന ബഹുമതി നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. രാജ്യം സ്‌നേഹപൂര്‍വം അവരെ ഷൂട്ടര്‍ ദാദിമാര്‍ എന്നുവിളിച്ചു.