സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ കൊവിഡ് രോഗികള്‍ ഉയരുന്നത് മനസ്സിനെ വല്ലാതെ അലട്ടുകയാണെന്നും കോടതി പറഞ്ഞു.

30/04/21 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയത് .

സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച് എന്താണ് ചെയ്യാനാവുക എന്ന് എത്രയും പെട്ടന്ന് അറിയിക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടു. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ വന്‍ തോതിലുള്ള കൊള്ള ലാഭം ഉണ്ടാക്കുന്നു എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു ചെയ്യാനാവുമെന്ന് കോടതി ആരാഞ്ഞു. മാര്‍ച്ച് ഏഴാം തീയതി ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ ധാരണായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനറല്‍ വാര്‍ഡിന് 2300 രൂപ മാത്ര ഈടാക്കാന്‍ അന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് കോടതി ഇടക്കാല ഉത്തരവിട്ടു. അടുത്ത മാസം നാലാം തിയ്യതി ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നിലവില്‍ കേസില്‍ സ്വകാര്യ ആശുപത്രികളെ കക്ഷി ചേര്‍ത്തിട്ടില്ല. അടുത്ത വട്ടം സ്വകാര്യ ആശുപത്രികളുടെ ഭാഗവും കോടതി കേള്‍ക്കും.

Share
അഭിപ്രായം എഴുതാം